ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ;അഭിനവ് മുകുന്ദ് ടീമില്‍
ഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തു. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട് ഓപ്പണര്‍ അഭിനവ് മുകുന്ദിനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. പാര്‍ഥിവ് പട്ടേലിനു പകരം പരുക്കില്‍ നിന്നു മുക്തനായിയെത്തിയ വൃദ്ധിമാന്‍ സാഹ ഒന്നാം വിക്കറ്റ് കീപ്പറായി ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി താരമായ മലയാളി താരം കരുണ്‍ നായര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.അജിങ്ക്യ രഹാനെ, ജയന്ത് യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
രഞ്ജി ട്രോഫി സീസണിലെ മിന്നുന്ന പ്രകടനമാണ് അഭിനവ് മുകുന്ദിനു തുണയായത്. തമിഴ്നാടിനു വേണ്ടി 849 റണ്‍സാണ് ഈ ഇടങ്കയ്യന്‍ ഓപ്പണര്‍ ഈ സീസണില്‍ അടിച്ചുകൂട്ടിയത്. 2011 ല്‍ ഇംഗ്ലണ്ടിനും വെസ്റ്റിന്‍ഡീസിനുമെതിരേ നടന്ന വിദേശ പരരമ്പരകളിലാണ് മുകുന്ദ് ഇതിനു മുമ്പ് അവസാനമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്.
ഫെബ്രുവരി ഒമ്പതിനാണ് ബംഗ്ലാദേശിനെതിരായ ഏക മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മുന്‍നിര ടെസ്റ്റ് രാജ്യങ്ങളില്‍ ഇന്ത്യ മാത്രമായിരുന്നു ഇതുവരെ ബംഗ്ലാദേശിനെതിരേ ഒരു ടെസ്റ്റ് പരമ്പരയ്ക്ക് ആതിഥ്യം വഹിക്കാതിരുന്നത്.
ഇന്ത്യന്‍ ടീം: വിരാട് കൊഹ്ലി (നായകന്), കെ എല്‍ രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അമിത് മിശ്ര, അഭിനവ് മുകുന്ദ്, ഭുവനേശ്വര്‍ കുമാര്‍, കരുണ്‍ നായര്‍, ഹര്‍ദ്ദിക് പാണ്ഡ്യ.