നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കൊടുത്തു തീർക്കണം; ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: നെല്ല് സംഭരണ കുടിശിക സപ്ലൈകോ ഒരു മാസത്തിനുള്ളിൽ കർഷകർക്ക് കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി. ഒക്റ്റോബർ 30 നകം നടപടി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ബാങ്ക് ഇടപാട് കഴിയില്ലായെന്ന് നിലപാടെടുത്താൽ തുക കൊടുക്കാനുള്ള ഉത്തരവ് സപ്ലൈകോ നടപ്പാക്കണമെന്നാണ് കർഷകരുടെ നിർദേശം. തുക ബാങ്ക് വഴി കൊടുക്കാമെന്ന നിലപാട് കർഷകരുടെ മുന്നിലേക്കു വയ്ക്കാമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
ഓണം കഴിഞ്ഞിട്ടും നെല്ല് സംഭരണ കുടിശിക ലഭ്യമാക്കാത്ത സർക്കാർ നടപടിക്കെതിരേ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടിശിക തീർത്ത് സംഭരണ വില നൽകാനുള്ള നടപടികളെല്ലാം പൂർത്തിയായെന്നും ഇനിയും തുക അക്കൗണ്ടിലെത്തിയില്ലെങ്കിൽ അതിന് കാരണം സാങ്കേതിക തടസങ്ങൾ മാത്രമാണെന്നുമാണ് സർക്കാർ പറയുന്നത്.
14000 ത്തോളം കർഷകർക്കാണ് ഇനി കുടിശിക കിട്ടാനുള്ളത്. സപ്ലൈകോ വഴി നെല്ല് സംഭരിച്ചവകയിൽ കർഷകർക്ക് നൽകാനുളള കുടിശിക വിതരണം വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ നേരത്തെ അറിയിച്ചിരുന്നു.
2022-23 സീസണിൽ നാളിതുവരെ സപ്ലൈകോ 7.31 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. സംഭരണ വില 2070.71 കോടി. 738 കോടി രൂപ സപ്ലൈക്കോ നേരിട്ടു കർഷകരുടെ അക്കൗണ്ടിലേക്ക് നൽകി. 200 കോടി രൂപ കേരള ബാങ്ക് വഴിയും 700 കോടി രൂപ മൂന്ന് ബാങ്ക് ഉൾപ്പെട്ട കൺസോർഷ്യം വഴി പി.ആർ.എസ് ലോണായുമാണ് നൽകിയത്.
സർക്കാരിൽ നിന്നും കിട്ടിയ 180 കോടി രൂപയിൽ 72 കോടി രൂപ 50000 രൂപയിൽ താഴെ കുടിശികയുണ്ടായിരുന്ന 26,548 കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്തെന്നും അമ്പതിനായിരം രൂപയ്ക്ക് മുകളിൽ കുടിശിക നൽകാനുണ്ടായിരുന്ന 27,791 കർഷകരുടെ കുടിശികതുകയിൽ പ്രോത്സാഹന ബോണസും കൈകാര്യ ചെലവും നൽകിക്കഴിഞ്ഞെന്നും സർക്കാർ വിശദീകരിക്കുന്നു.