ഇ അഹമ്മദിന്റെ മരണം കേന്ദ്രം മറച്ചുവെച്ചെന്ന് ഖാര്‍ഗെ
ന്യൂഡല്‍ഹി: ഇ. അഹമ്മദ് എംപിയുടെ മരണവിവരം കേന്ദ്രം മനപൂര്‍വം മറച്ചുവെക്കുകയായിരുന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇ. അഹമ്മദ് മരിച്ച വിവരം സര്‍ക്കാരിന് അറിയാമായിരുന്നു. എന്നാല്‍ വിവരം പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നെന്നാണ് കരുതുന്നതെന്നും ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
സിറ്റിംഗ് എംപി മരിച്ച സാഹചര്യത്തില്‍ ബജറ്റ് മാറ്റിവെക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ജെഡിയുവും മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും ഉള്‍പ്പെടെയുള്ളവര്‍ ഇതേ അഭിപ്രായമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് ഒരു ദിവസം മാറ്റിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും ഗാര്‍ഖെ പറഞ്ഞു.
എന്നാല്‍, ബജറ്റ് മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി കേന്ദ്രം മുന്‍നിശ്ചയപ്രകാരം മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. സിറ്റിംഗ് എംപി മരിച്ചാല്‍ പാര്‍ലമെന്റ് അനുശോചിച്ച ശേഷം പിരിയുകയാണ് കീഴ്വഴക്കം.
പാര്‍ലമെന്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശപ്പിച്ച ഇ. അഹമ്മദിനെ കാണാന്‍ ആരെയും അനുവദിക്കാതിരുന്നതാണ് പ്രതിപക്ഷം ആരോപണത്തിന് അടിസ്ഥാനം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച അഹമ്മദിനെ കാണാന്‍ ബന്ധുക്കളെയോ മറ്റു നേതാക്കളെയോ ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല.
തുടര്‍ന്ന് അഹമ്മദിന്റെ മക്കളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ രാത്രി വൈകി പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുലര്‍ച്ചെ 2.15ഓടെ അഹമ്മദിന്റെ മരണവാര്‍ത്ത പുറത്തുവരുന്നത്.
സാധാരണ നിലയില്‍ ആശുപത്രി വൃത്തങ്ങളോ സര്‍ക്കാരോ ആണ് മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതെങ്കിലും ബന്ധുക്കളും പാര്‍ട്ടിയുമാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്. അഹമ്മദിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത് മരണവിവരം പുറത്തുവരാതിരിക്കാനാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വാദം.