കെ.റ്റി.ഡി.എഫ്.സിയുടെ ബാങ്കിതര ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കും
കൊച്ചി: കൊൽക്കത്ത ആസ്ഥാനമായ ശ്രീരാമകൃഷ്ണ മിഷനിൽ നിന്നു 170 കോടി രൂപ സ്ഥിര നിക്ഷേപമായി സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നൽകാൻ കഴിയാത്തതിനാൽ കേരള ട്രാൻസ്പോർട്ട് ഡവലപ്മെൻറ് ഫിനാൻഷ്യൽ കോർപ്പറേഷൻറെ (കെ.റ്റി.ഡി.എഫ്.സി) ബാങ്കിതര ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കും.
റിസർവ് ബാങ്ക് ഗവർണർ പ്രത്യേക ദൂതൻ മുഖേന ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. പണം സർക്കാർ തിരികെ നൽകിയില്ലെങ്കിൽ റിസർവ് ബാങ്ക് നിർദേശം ചൂണ്ടിക്കാട്ടി മഠം അധികൃതർ ഹൈക്കോടതിയെ സമീപിക്കും.
നിയമപരമായി നിക്ഷേപം തിരികെ നൽകാനുള്ള ഉത്തരവാദിത്വം സർക്കാരിനായതിനാൽ ഹൈക്കോടതിയിൽ നിന്നും എതിരായ വിധിയ്ക്കു സാധ്യതയില്ല.
കെടിഡിഎഫ്സിയിൽ നിക്ഷേപിച്ച തുക കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകിയില്ലെന്ന പരാതിയിലാണ് ഗ്യാരൻറി സർക്കാർ ആയതിനാൽ തുക സർക്കാർ നൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകിയത്.
പണം തിരികെ നൽകാനുള്ള ബാധ്യത സർക്കാരിനു തന്നെയാണ് കെടിഡിഎഫ്സി എംഡിയ്ക്ക് അയച്ച കത്തിൽ റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
കാലാവധി എത്തിയ 28ഓളം സ്ഥിരനിക്ഷേപങ്ങൾക്കായി കെടിഡിഎഫ്സി കയറിയിറങ്ങുകയായിരുന്നു ശ്രീരാമകൃഷ്ണ മിഷൻ അധികൃതർ. തിരുവനന്തപുരത്തേക്ക് നിയമ വിദഗ്ധരുടെ ഒരു ടീമുമായാണ് മിഷൻ അധികൃതർ എത്തിയത്. പക്ഷേ, നിരാശയായിരുന്നു ഫലം.
തങ്ങളുടെ കൈയിൽ പണമില്ല, ഗ്യാരൻറി സർക്കാരാണ്, അതിനാൽ സർക്കാർ പണം നൽകട്ടെ എന്നാണ് കെടിഡിഎഫ്സി അധികൃതർ നിലപാടെടുത്തത്. ഇതോടെയാണ് ഇവർ റിസർവ് ബാങ്കിനെ സമീപിച്ചത്.
കെടിഡിഎഫ്സിയിൽ പണം നിക്ഷേപിച്ച വേറെ ചിലരും റിസർവ് ബാങ്കിനെ സമീപിച്ചിരുന്നു. ഇതോടെയാണ് ഈ കാര്യത്തിൽ അടിയന്തര റിസർവ് ബാങ്ക് നിർദേശം വന്നത്.
വൻ ബാധ്യതയുള്ളതിനാൽ കേരള ബാങ്കിനെയും കെടിഡിഎഫ്സിയുടെ വീഴ്ച പ്രതികൂലമായി ബാധിക്കും. മുൻ ധനമന്ത്രി തോമസ് ഐസക്കിൻറെ നിർദേശപ്രകാരം കെഎസ്ആർടിസിക്കു വേണ്ടി 356 കോടി രൂപ ഈടില്ലാതെ കെടിഡിഎഫ്സിക്കു കേരള ബാങ്ക് കടം നൽകിയിരുന്നു. ആ കടം നിഷ്ക്രിയ ആസ്തിയായി മാറി.
മുതലും പലിശയും കൂട്ടുപലിശയുമായി അതു 900 കോടി കവിഞ്ഞിരിക്കുകയാണ്. 910 കോടി രൂപ തങ്ങൾക്കു തിരികെ നൽകണമെന്നും അല്ലെങ്കിൽ കെടിഡിഎഫ്സിയുടെ ആസ്തികൾ ഏറ്റെടുക്കുമെന്നും കാണിച്ച് കേരള ബാങ്ക് കെടിഡിഎഫ്സിക്ക് കത്തു നൽകിയിരുന്നു.
കെടിഡിഎഫ്സി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്കു സംസ്ഥാന സർക്കാരിൻറെ ഗാരൻറിയുള്ളതാണ്. കെടിഡിഎഫ്സിക്കു പണം നൽകാൻ കഴിയുന്നില്ലെങ്കിൽ ഗാരൻറി പ്രകാരം സംസ്ഥാന സർക്കാർ ആ പണം നൽകണമെന്നാണ് ചട്ടം. അതു നടക്കാതിരുന്നതോടെ സംസ്ഥാന ഗാരൻറിക്കും വിലയില്ലാതായി.