കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ആരേപണം, വിമർശനവുമായി സിപിഎം നേതാക്കൾ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ സിപിഎം ജില്ലാകമ്മിറ്റിയിൽ കടുത്ത വിമർശനവുമായി നേതാക്കൾ. മുതിർന്ന നേതാക്കളുടെ വീഴ്ചയാണ് ഗുരുതര പ്രതിസന്ധിക്കിടയാക്കിയതെന്ന് ഭൂരിഭാഗം നേതാക്കളും യോഗത്തിൽ ഉന്നയിച്ചു.
പ്രവർത്തകർക്കും അനുഭാവികൾക്കും പാർട്ടിയോടും നേതാക്കളോടുമുള്ള വിശ്വാസം നഷ്ടമായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ഈ സാഹചര്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖം രക്ഷിക്കാനുള്ള നടപടികളെടുക്കാനും സർക്കാർ തലത്തിൽ ഇടപെടലിന് സമ്മർദമുണ്ടാക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം മടക്കി നൽകാൻ പദ്ധതി തയ്യാറാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. ഇഡി നീക്കത്തിനെതിരേ മണ്ഡല അടിസ്ഥാനത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകൾ സംഘടിപ്പിക്കാനും വീടുകളിൽ കയറിയുള്ള ബോധവൽക്കരണത്തിനും തീരുമാനിച്ചു.
ശനിയാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾക്കെതിരേ വിമർശനമുയർന്നിരുന്നു. വിഭാഗീയതയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.
ഇതോടൊപ്പം നേരത്തെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് പോയതടക്കം പരാമർശിച്ച് നേതാക്കൾ ഒറ്റുകാരാവരുതെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലെ ചർച്ചകളുടെ തുടർച്ചയായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിലും ഉയർന്നത്.
സഹകാരികളുടെ വിശ്വാസം തിരികെ പിടിക്കാൻ നഷ്ടപ്പെട്ട പണം മടക്കി നൽകുമെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടുത്താനാണ് ജില്ലാ കമ്മിറ്റിയിൽ പൊതുവായി ഉയർന്ന ആവശ്യം. സർക്കാർ ഇടപെട്ട് പദ്ധതി തയ്യാറാക്കി കരുവന്നൂരിൽ നഷ്ടപ്പെട്ട പണം അടിയന്തരമായി നിക്ഷേപകർക്ക് മടക്കി നൽകണം.
പാർലമെൻറ് തെരഞ്ഞെടുപ്പിനു മുമ്പ് പണം മടക്കി നൽകാനായാൽ മുഖം രക്ഷിക്കാം. കരുവന്നൂരിൽ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതായി കാണരുതെന്നും ആവർത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണമെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കളുടെ ആവശ്യം ഉയർന്നു.
കരുവന്നൂരിൽ സംഭവിച്ച പിഴവിനെതിരേ ശക്തമായ വിമർശനമാണ് ചില നേതാക്കൾ ഉയർത്തിയത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കരുതെന്ന നിലപാടും യോഗത്തിൽ ഉയർന്നു.
എന്നാൽ കരുവന്നൂർ ബാങ്കിൻറെ മറവിൽ അയ്യന്തോൾ ബാങ്കിനെതിരേ ഉയർത്തുന്ന വായ്പ തട്ടിപ്പാരോപണവും കൊടുങ്ങല്ലൂർ ബാങ്കിനെതിരേ ഉയർത്തുന്ന സ്വർണത്തട്ടിപ്പ് ആരോപണവും അനാവശ്യമാണെന്നാണ് കമ്മിറ്റിയിൽ വാദം ഉയർന്നത്. ഇരു സംഭവത്തിലും ബാങ്കിന് പങ്കില്ലെന്ന് ചുമതലയുള്ള നേതാക്കൾ വിശദീകരിച്ചു.
നിയമ നടപടിയുമായി മുന്നോട്ടു പോകാൻ ജില്ലാ കമ്മിറ്റി നിർദേശിച്ചു. കരുവന്നൂരിൽ നിലപാട് വിശദീകരിക്കാൻ എൽഡിഎഫിൻറെ നേതൃത്വത്തിൽ മണ്ഡല അടിസ്ഥാനത്തിൽ ജാഥകൾ സംഘടിപ്പിക്കും.
എൽഡിഎഫ് നേതാക്കൾ ജാഥാ ക്യാപ്റ്റൻമാരായാണ് ജാഥകൾ സംഘടിപ്പിക്കുക. എ.സി മൊയ്തീൻ എംഎൽഎയെ ജില്ലാ കമ്മിറ്റി യോഗം പൂർണമായി പിന്തുണച്ചു. ഇഡി നീക്കത്തിനെതിരേയുള്ള പ്രതിരോധം ശക്തമായി തുടരാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.