ട്രംപിന്റെ ബ്രിട്ടന് സന്ദര്‍ശനത്തെ എതിര്‍ക്കുന്ന നിവേദനം; 48 മണിക്കൂറിനുള്ളില്‍ ഒപ്പിട്ടത് 15 ലക്ഷം പേര്
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ബ്രിട്ടന് സന്ദര്‍ശനം തടയണമെന്ന ഓണ്‍ലൈന്‍ നിവേദനത്തില്‍ 48 മണിക്കൂറിനുള്ളില്‍ ഒപ്പിട്ടത് 15 ലക്ഷത്തിലേറെപേര്‍. ട്രംപിനെ ബ്രിട്ടനിലേയ്ക്ക് ക്ഷണിക്കരുതെന്നും ട്രംപിന്റെ സന്ദര്‍ശനം രാജ്യത്ത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതിഷേധക്കാരുടെ പരാതിയില്‍ പറയുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആണ് അടുത്തിടെ നടന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ട്രംപിന്റെ ബ്രിട്ടണ് സന്ദര്‍ശനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ട്രംപ് തെരേസ മേയുടെ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. സന്ദര്‍ശനത്തിന്റെ തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനിരിക്കെയാണു ഏഴ് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കു വിസ വിലക്കും അഭയാര്‍ഥികള്‍ക്കു സമ്പൂര്‍ണ നിയന്ത്രണവും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ വിവാദ ഉത്തരവുണ്ടായതും പ്രതിഷേധമുയര്‍ന്നതും.
ലീഡ്സില്‍നിന്നുള്ള ഗ്രഹാം ഗസ്റ്റ് എന്നയാളാണു ട്രംപിന്റെ സന്ദര്‍ശനം തടയണമെന്ന പരാതി ശനിയാഴ്ച ഫയല്‍ചെയ്തത്. വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരുലക്ഷത്തിലധികം ആളുകള്‍ ഒപ്പിടുന്ന പരാതികള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നാണു വ്യവസ്ഥ.
പ്രതിപക്ഷനേതാവും ലേബര്‍ പാര്‍ട്ടി അധ്യക്ഷനുമായ ജെറമി കോര്ബിന്, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടിം ഫാരന്‍, എസ്എന്‍പി നേതാവ് അലക്സ് സാല്‍മണ്ട് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം കഴിഞ്ഞദിവസം ട്രംപിനുള്ള ക്ഷണം റദ്ദാക്കണമെന്നും സന്ദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഇക്കാര്യം ബ്രിട്ടീഷ് പാര്‍ലമെന്റിലും പ്രതിപക്ഷാംഗങ്ങള്‍ ചിലര്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ വിവാദ ഉത്തരവു ബ്രിട്ടീഷ് പൗരന്മാരെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നതിനിടെയായിരുന്നു പ്രതിപക്ഷാംഗങ്ങള്‍ ട്രംപിന്റെ സന്ദര്‍ശനം രാജ്യത്തിനു നാണക്കേടാകുമെന്ന് ആരോപിച്ചത്.
എന്നാല്‍ ബ്രിട്ടീഷ് പൗരന്മാര്ക്ക് യുഎസിലേക്കു യാതൊരുവിധ യാത്രാനിയന്ത്രണങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യസെക്രട്ടറി ബോറിസ് ജോണ്സണ് പാര്‍ലമെന്റിനെ അറിയിച്ചു. ട്രംപ് വിസാ വിലക്ക് ഏര്‍പ്പെടുത്തിയ ഏഴു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള പലരും ബ്രിട്ടനില്‍ ഇരട്ടപൗരത്വവുമായി കഴിയുന്നുണ്ട്. ഇവര്‍ക്ക് യുഎസ് യാത്ര സാധ്യമാകുമോ എന്നതായിരുന്നു സംശയം. എന്നാല്‍ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നടത്തിയ ക്ഷണം ഒരുതരത്തിലും പിന്‍വലിക്കാനാകില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. വീസ വിലക്കും അഭയാര്‍ഥി നിയന്ത്രണവും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനോടു യോജിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഓഫിസ് അറിയിച്ചു.