ആൾക്കൂട്ട ആക്രമണത്തിനായി തന്നെ ഇട്ടുകൊടുക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്ന് ഡാനിഷ് അലി
ന്യൂഡൽഹി: തന്നെ ആൾക്കൂട്ട ആക്രമണത്തിന് ഇട്ടുകൊടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് പാർലമെന്റിൽ ബിജെപി നേതാവിന്റെ വർഗീയ അധിക്ഷേപം നേരിട്ട ബിഎസ്പി അംഗം ഡാനിഷ് അലി.
പ്രധാന മന്ത്രിയെക്കുറിച്ച് മോശം വാക്കുകൾ താൻ പറഞ്ഞതിനെ തുടർന്നാണ് രമേശ് ബിദുരി പ്രകോപിതനായതെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഒരു മോശം പരാമർശവും നടത്തിയിട്ടില്ല. അങ്ങനെയെങ്കിൽ മറ്റ് ബിജെപി എംപിമാർ രംഗത്തുവരുമായിരുന്നില്ലേ. അത്തരം പരാമർശം നടത്തിയതിന്റെ വീഡിയോ ഉണ്ടോ.
സ്പീക്കർ ഇത് അന്വേഷിക്കണം. വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർക്ക് പരാതി നൽകിയതിന് നിഷികാന്ത് ദുബെയ്ക്കെതിരെ നടപടി സ്വീകരിക്കണം. സഭയ്ക്കുള്ളിൽ വച്ച് വാക്കുകളാൽ തന്നെ കൂട്ടമായി ആക്രമിച്ചു.
ഇപ്പോൾ സഭയ്ക്കു പുറത്ത് കായികമായിക്കൂടി കൂട്ടആക്രമണം നടത്തുന്നതിനാണ് നിഷികാന്ത് ദുബെയുടെ വ്യാജ ആരോപണമെന്നും ഡാനിഷ് അലി പറഞ്ഞു. വ്യാഴാഴ്ച ലോക്സഭയിൽ ചാന്ദ്രയാൻ ചർച്ചയ്ക്കിടെയാണ് ഡാനിഷ് അലിയെ ബിജെപി എംപിയായ രമേശ് ബിദുരി അധിക്ഷേപിച്ചത്. ഡാനിഷ് അലി മുസ്ലിം തീവ്രവാദിയാണെന്നും ഭീകരനാണെന്നും ബിദുരി ആക്ഷേപിച്ചു.
സഭ നിയന്ത്രിച്ചിരുന്ന കൊടിക്കുന്നിൽ സുരേഷിന് ബിദുരിയെ തടയാനായില്ല. ബിദുരി പറഞ്ഞത് മനസ്സിലായില്ലെന്നാണ് കൊടിക്കുന്നിലിന്റെ വിശദീകരണം. അങ്ങേയറ്റം പ്രകോപനപരമായ പ്രയോഗങ്ങൾ നടത്തിയിട്ടും ബിദുരിക്കെതിരെ ഒരു നടപടിക്കും ഭരണപക്ഷം തയ്യാറായിട്ടില്ല.
രാജ്നാഥ് സിങ് ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്നും വിഷയം അവിടെ അവസാനിച്ചുവെന്നുമാണ് ബിജെപിയുടെ ന്യായം. പ്രതിപക്ഷ പാർടികൾ ഡാനിഷ് അലിക്ക് പിന്തുണയുമായി ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ ബിജെപി പ്രതിരോധത്തിലായി.
ഇതോടെയാണ്, ഡാനിഷ് അലിയാണ് പ്രകോപനം സൃഷ്ടിച്ചതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കർക്ക് ദുബെ കത്തുനൽകിയത്.ഞായറാഴ്ച ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി എംപി രവി കിഷൻ ശുക്ലയും രംഗത്തെത്തി.