ഇംഗ്ലീഷ് എഫ്എ കപ്പ് ;മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം
ഇംഗ്ലിഷ് എഫ്എ കപ്പില്‍ വിഗാന് അത്ലറ്റിക്കിനെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചു. ഇതോടെ യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്. മോശം ടീമുകളെ കളത്തിലിറക്കിയ വാറ്റ്ഫോര്‍ഡ്, ഹള്‍ സിറ്റി, ലീഡ്സ് യുണൈറ്റഡ് ടീമുകള്‍ നാലാം റൗണ്ടില്‍ പുറത്തായി. വിഗാനെതിരെ ഒന്‍പതു മാറ്റങ്ങളോടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളത്തിലിറങ്ങിയത്.
താരതമ്യേന ദുര്‍ബലരായ മില്വാള് ക്ലബ്ബിനോട് 1-0നു തോറ്റതാണ് വാറ്റ്ഫോര്‍ഡിന്റെ വിധിയെഴുതിയത്. അതേ സമയം മൂന്നു വര്‍ഷം മുമ്പ് എഫ്എ കപ്പ് ഫൈനലിലെത്തിയ ഹള്‍ സിറ്റി 1-4ന് ഫുള്‍ഹാമിനോടും പരാജയപ്പെട്ടു. ലീഡ്സ് 1-0ന് സട്ടണ്‍ യുണൈറ്റഡിനോടാണു തോറ്റത്. ചരിത്രത്തിലാദ്യമായാണ് ലീഗിലില്ലാത്ത രണ്ടു ടീമുകള്‍ ഇവിടെ പ്രീക്വാര്‍ട്ടറിലേക്കു മുന്നേറുന്നത്.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ 43-ാം മിനിറ്റിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിഗാന്റെ പ്രതിരോധം പൊളിച്ചത്. ജര്‍മനിയുടെ മുന്‍ രാജ്യാന്തര താരം ബാസ്റ്റ്യന്‍ ഷ്വീന്സ്റ്റീഗറുടെ ക്രോസില്‍നിന്ന് ഫെല്ലിയാനിയുടെ ഹെഡര്‍ഗോള്‍. ക്രിസ് സ്മാളിങ്, ഹെന്റിഖ് എംഖിതര്യാന്, ഷ്വീന്‍സ്റ്റീഗര്‍ എന്നിവര്‍ വിജയികളുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. രണ്ടാംപകുതിയില്‍ ടീം മികച്ച കളിയാണു നടത്തിയതെന്ന് കോച്ച് ഹൊസെ മൗറീഞ്ഞോ പ്രതികരിച്ചു.
നേരത്തെ ബോണ്‍മൗത്തിനെ തോല്‍പ്പിച്ച് ശ്രദ്ധ നേടിയ മില്വാള് അതിലും മികച്ച വിജയമാണ് വാറ്റ്ഫോര്‍ഡിനെതിരെ സ്വന്തമാക്കിയത്. 85 ാം മിനിറ്റില്‍ സ്റ്റീവ് മോറിസനാണ് വിജയഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ട്രോയ് ഡീനേ അടക്കം പരിചയസമ്പന്നരായ ഏഴു കളിക്കാരെ പുറത്തിരുത്തിയ വാറ്റ്ഫോര്‍ഡ് കോച്ച് വാള്‍ട്ടര്‍ മസാരിയുടെ തീരുമാനമാണു മില്വാള് പൊളിച്ചുകൊടുത്തത്.
തെംസ് നദിയുടെ തീരത്ത് ക്രാവന്‍ കോട്ടേജില്‍ നടന്ന പോരാട്ടത്തിലാണ് ഹള്‍സിറ്റിയുടെ ചീട്ടു കീറിയത്. 16 ാം മിനിറ്റില്‍ സോണേ അഴുകോ ഫുള്‍ഹാമിന്റെ ആദ്യ ഗോള്‍ നേടി. ഇവാന്!ഡ്രോയിലൂടെ ടീം സമനില പിടിച്ചെങ്കിലും മൂന്നുഗോളുകള്‍ കൂടി അടിച്ചുകയറ്റി ഫുള്‍ഹാം ഫുള്‍മാര്‍ക്ക് നേടി.
ഒരു മിനിറ്റിനിടെ ഹള്‍ സിറ്റിക്കു ലഭിച്ച രണ്ടു പെനാല്റ്റികിക്കുകള് ആബേല്‍ ഹെര്‍ണാണ്ടസ് പാഴാക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. ഗോള്‍കീപ്പര്‍ മാര്‍കസ് ബെറ്റിനെല്ലിയുടെ മികച്ച സേവുകള്‍. പെനാല്‍റ്റിയില്‍നിന്ന് ക്യാപ്റ്റന്‍ ജാമീ കോളിന്‍സ് നേടിയ ഗോളിലാണ് സട്ടണ്‍ യുനൈറ്റഡ്, തങ്ങളേക്കാള്‍ ഏറെ മുകളിലുള്ള ലീഡ്സിനെ മറികടന്നത്.