തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പതിനഞ്ചാം ധന കമീഷന്റെ ആദ്യ ഗഡുവായ 500 കോടി ഉടൻ നൽകണമെന്ന് കേരളം
ന്യൂഡൽഹി: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പതിനഞ്ചാം ധന കമീഷന്റെ ആദ്യ ഗഡുവായ 500 കോടിയോളം രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം. ഇതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്ങ്, ഹർദീപ് സിങ്ങ് പുരി, ഗജേന്ദ്ര ഷെഖാവത്ത് എന്നിവരുമായി മന്ത്രി എം.ബി.രാജേഷ് ചർച്ച നടത്തി.
പതിനാലാം ധനകമീഷന്റെ ചെലവഴിക്കാൻ ബാക്കിയുള്ള തുക, അനുവദിക്കേണ്ട തുകയുടെ 10 ശതമാനത്തിൽ കവിയരുതെന്നാണ് കേന്ദ്രം കൊണ്ടുവന്ന വ്യവസ്ഥ. വിഷയം ഉടൻ പരിഹരിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്ന് പിന്നീട് നടത്തിയ വാർത്താ സമ്മേളനത്തിൽ രാജേഷ് വ്യക്തമാക്കി.
കേരളത്തിന്റെ ലേബർ ബജറ്റ് 6.15 കോടി തൊഴിൽ ദിനങ്ങളാക്കി വെട്ടിച്ചുരുക്കിയതിലുള്ള പ്രതിഷേധവും അറിയിച്ചു. മുൻ വർഷം അനുവദിച്ച 9.61 കോടി തൊഴിൽ ദിനങ്ങളെങ്കിലും അനുവദിക്കണം.
തൊഴിലുറപ്പ് പദ്ധതിയിലെ വെൻഡേഴ്സ് അടക്കമുള്ള തൊഴിലാളികൾക്ക് കേന്ദ്ര വ്യവസ്ഥമൂലം വേതനം നൽകാനാകാത്ത സ്ഥിതിയാണ്. ഇത് പരിഹരിക്കണം.
രണ്ടു വർഷമായി കുടിശ്ശികയായ ദേശീയ സാമൂഹ്യ സഹായ പദ്ധതി വിഹിതമായ 580 കോടിയും അനുവദിക്കണം. നഗര വികസന മന്ത്രി ഹർദീപ് സിങ്ങ് പുരിയുമായുള്ള കൂടിക്കാഴ്ചയിൽ രണ്ട് പ്രധാന പദ്ധതി നിർദേശങ്ങൾ നൽകി.
സംസ്ഥാനങ്ങൾക്കുള്ള മൂലധന നിക്ഷേപ സഹായ പദ്ധതിയിൽപ്പെടുത്തി നഗര പരിഷ്കരണത്തിന് 935 കോടിയുടെ നിർദേശം സമർപ്പിച്ചു. ഇൻക്യുബേഷൻ ഓഫ് ന്യൂ സിറ്റീസ്’ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം(1446 കോടി), കണ്ണൂർ(2113 കോടി) എന്നിവിടങ്ങളിൽ പദ്ധതി നിർദേശം നൽകി.
സ്വച്ഛ് ഭാരത് മിഷനിലെ ഫണ്ട് വിനിയോഗത്തിൽ ഇളവ് ആവശ്യപ്പെട്ടു. മാലിന്യപ്ലാന്റുകളുടെ ശൃംഖലയ്ക്ക് അനുമതി, അമൃത് പദ്ധതിയിൽ കൂടുതൽ സഹായം എന്നിവയും ആവശ്യപ്പെട്ടുവെന്നും എം.ബി.രാജേഷ് വ്യക്തമാക്കി.