ഇ.ഡി ഉദ്യോഗസ്ഥർ മർദനവും ഭീഷണിയും മാനസിക പീഡനവും നടത്തി; ആരോപണവുമായി വടക്കാഞ്ചേരി കൗൺസിലർ
തൃശൂർ: സി.പി.ഐ.എമ്മിന്റെ ഉന്നത നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ഇ.ഡി ഉദ്യോഗസ്ഥർ മർദനവും ഭീഷണിയും മാനസിക പീഡനവും നടത്തിയെന്ന് വടക്കാഞ്ചേരി കൗൺസിലർ പി.ആർ.അരവിന്ദാക്ഷൻ. കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാണ് പീഡിപ്പിച്ചത്.
പുറംലോകം കാണിക്കില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. എഴുതിവച്ച ലിസ്റ്റ് പ്രകാരം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ.ബിജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി.മൊയ്തീൻ എം.എൽ.എ, എം.കെ.കണ്ണൻ എന്നിവർക്ക് പങ്കുണ്ടെന്ന തരത്തിൽ കള്ളമൊഴി രേഖപ്പെടുത്തി ഒപ്പിട്ട് വാങ്ങി.
എ.സി.മൊയ്തീന് പോപ്പുലർ ഫ്രണ്ട്(പി.എഫ്.ഐ) ബന്ധം ഉണ്ടെന്ന് പറയണമെന്ന് ആവശ്യപ്പെട്ടും മർദ്ദിച്ചു. ഈ മുറി കണ്ടോ. ഇത് സാധാരണ പൊലീസ് സ്റ്റേഷൻ ലോക്കപ്പ് അല്ല, സ്വപ്നയേയും ശിവശങ്കരനേയും ചോദ്യം ചെയ്ത മുറിയാണ്. മകളുടെ വിവാഹ നിശ്ചയം നടക്കുമ്പോൾ വന്ന് അറസ്റ്റ് ചെയ്യും. എ.സി.മൊയ്തീന് ചാക്കിൽക്കെട്ടി കോടികൾ നൽകിയെന്ന് മൊഴി നൽകണം. ഇല്ലെങ്കിൽ മകളെയും മരുമകനേയും ഹാജരാക്കേണ്ടി വരും.
കൊന്നാലും കള്ളം പറയില്ലെന്ന് പറഞ്ഞപ്പോൾ കറുത്ത പെട്ടി കാണിച്ച് ഇതു മുഴുവൻ തെളിവാണെന്ന് പറഞ്ഞു. തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്തോളൂവെന്ന് അവരോട് പറഞ്ഞു. അപ്പോൾ അകത്തു നിന്ന് ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥൻ വന്ന് കുനിച്ച് പിടിച്ച് കഴുത്തിൽ മർദിച്ചു.
വലിയ മുളവടി കെണ്ട് കൈയിൽ തുടർച്ചയായി അടിച്ചു. തുടർന്ന് ഇ.ഡി എഴുതിവച്ച ലിസ്റ്റിൽ ഒപ്പിട്ട് വാങ്ങി. ശാരീരികമായും മാനസികമായും തളർന്ന് അടുത്ത ദിവസം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
തുടർന്ന് ഇ.ഡിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. തന്റെ സാമ്പത്തിക ഇടപാടിനെല്ലാം രേഖകളുണ്ടെന്നും അരവിന്ദാക്ഷൻ പറഞ്ഞു.