അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ സംവരണം നടപ്പാക്കണമെന്ന് പ്രതിപക്ഷം; എതിർത്ത് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് വനിതാ സംവരണം നിർദേശിക്കുന്ന ബിൽ പ്രതിപക്ഷത്തിന്റെ കൂട്ടായ പിന്തുണയോടെ ലോക്സഭ പാസ്സാക്കി. ബിൽ മുൻനിർത്തി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയിൽ ഭിന്നിപ്പുണ്ടാക്കാമെന്ന ബി.ജെ.പിയുടെ രാഷ്ട്രീയലക്ഷ്യം ഫലംകണ്ടില്ല.
അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം ഒഴികെ സഭയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബില്ലിനെ പിന്തുണച്ചു. നേരത്തേ വിയോജിച്ചിരുന്ന ആർ.ജെ.ഡി, എസ്.പി, ബി.എസ്.പി തുടങ്ങിയ പാർട്ടികൾ ഇക്കുറി ബില്ലിനെ പിന്തുണച്ചു. എന്നാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ സംവരണം നടപ്പാക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചു.
എസ്.സി – എസ്.ടി വനിതകൾക്കു പുറമെ ഒ.ബി.സി വനിതകൾക്കുകൂടി സംവരണം ഉറപ്പാക്കണമെന്ന നിർദേശവും അംഗീകരിച്ചില്ല. 454 എം.പിമാർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ എ.ഐ.എം.ഐ.എമ്മിന്റെ രണ്ട് എം.പിമാർ മാത്രം എതിർത്ത് വോട്ട് ചെയ്തു. ബില്ലിലെ ഓരോ വ്യവസ്ഥയും വോട്ടിനിട്ടാണ് പാസാക്കിയത്.
വ്യാഴാഴ്ച രാജ്യസഭകൂടി പാസാക്കുന്നതോടെ ബിൽ നിയമമാകും. എന്നാൽ, അടുത്ത സെൻസസിനും ആ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർ നിർണയത്തിനുംശേഷം മാത്രമായിരിക്കും വനിതാ സംവരണം നിലവിൽ വരികയെന്ന് ബില്ലിൽ വ്യവസ്ഥയുള്ളതിനാൽ സംവരണം സാധ്യമാകാൻ 2029വരെ കാത്തിരിക്കണം.
സംവരണം നീട്ടരുതെന്ന ആവശ്യമാണ് ചർച്ചയിൽ പ്രതിപക്ഷം മുഖ്യമായും ഉയർത്തിയത്. എസ്.സി–- എസ്.ടി വനിതകൾക്കു പുറമെ ഒബിസി വനിതകൾക്കും സംവരണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണം ഉറപ്പാക്കുന്ന ബിൽ അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണെന്നും അതുകൊണ്ട് ബില്ലിനോട് തനിക്ക് വൈകാരികമായ അടുപ്പമുണ്ടെന്നും ചർച്ചയ്ക്ക് തുടക്കമിട്ട് സോണിയ ഗാന്ധി പറഞ്ഞു.
ഒ.ബി.സി സംവരണംകൂടി ഉറപ്പാക്കണമെന്നും എങ്കിലേ ബിൽ പൂർണമാകൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനറൽ, എസ്.സി, എസ്.ടി തുടങ്ങി മൂന്നു വിഭാഗങ്ങളിലായാണ് നിലവിൽ എം.പിമാരെയും എം.എൽ.എമാരെയും തെരഞ്ഞെടുക്കുന്നതെന്നും ആ മൂന്നു വിഭാഗത്തിലെയും സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കിയെന്നും അമിത് ഷാ പറഞ്ഞു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുമുതൽ വനിതാ സംവരണം നടപ്പാക്കണമെന്ന് എ.എം.ആരിഫ് ആവശ്യപ്പെട്ടു. സാങ്കേതികതകളുടെ പേരിൽ ബിൽ വൈകിക്കരുതെന്ന് നിയമമന്ത്രി അർജുൻ രാം മെഘ്വാൾ മറുപടിയിൽ പറഞ്ഞു.