അഖില കേരള തന്ത്രി സമാജത്തിന്റെ ആരേപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.രാധാകൃഷ്ണൻ
തിരുവനന്തപുരം: ജാതിവിവേചനം നേരിട്ട വിഷയത്തിൽ അഖില കേരള തന്ത്രി സമാജത്തിന്റെ ആരേപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ. പൂജ കഴിയുന്നതുവരെ പൂജാരി ആരെയും സ്പർശിക്കരുത് എന്നാണെങ്കിൽ ഇടയ്ക്ക് പുറത്ത് ഇറങ്ങാനും തിരിച്ച് അകത്തേക്ക് പോകാനും കഴിയുമോ എന്ന് മന്ത്രി ചോദിച്ചു.
അമ്പലത്തിന് അകത്തുവെച്ചല്ല സംഭവം നടന്നത്. അമ്പലത്തിൽ നിന്നും പുറത്തു നിൽക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് വന്നാണ് വിളക്ക് കത്തിക്കുന്നത്. അപ്പോൾ പൂജാരി ജനങ്ങളെ സ്പർശിച്ചില്ലേയെന്നും മന്ത്രി ചോദിച്ചു. അമ്പലത്തിലെ ചടങ്ങുകൾക്ക് താൻ ആദ്യമായല്ല പോകുന്നത്. ഇതുവരെ ഒരിടത്തും ഇങ്ങനെ കണ്ടിട്ടില്ല. പൂജാരിക്ക് പൈസ നൽകിയാൽ അകത്തേക്ക് കൊണ്ടുപോകില്ലേ.
അപ്പോൾ പൈസയ്ക്ക് അയിത്തമില്ല, മനുഷ്യന് അയിത്തമുണ്ട് എന്ന രീതിയാണ്. ഇതിനെപ്പറ്റിയാണ് സംസാരിക്കാൻ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. മനുഷ്യന് മാത്രം അയിത്തം കൽപ്പിക്കുന്ന ഏത് രീതിയോടും യോജിക്കാൻ കഴിയില്ല. അയിത്തം വേണം അനാചാരം വേണം എന്ന് കരുതുന്നവരുണ്ടാകാം. അങ്ങനെ പറയുന്നവർക്ക് പറയാനുള്ള അവകാശമുണ്ട്.
ആ അവകാശത്തെ നിഷേധിക്കുന്നില്ല. പക്ഷേ അത് സമ്മതിക്കില്ല എന്ന് പറയാനുള്ള അവകാശം നമുക്കുമുണ്ട്.കോട്ടയത്ത് ഒരു സാമുദായിക സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ ആനുകൂല്യങ്ങളുടെ വർധനവിനെക്കുറിച്ച് ആവശ്യമുന്നയിച്ചു. കേവലം ആനുകൂല്യങ്ങളുടെ വർധനവ് കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല.
രാജ്യത്ത് വർധിച്ചുവരുന്ന അടിച്ചമർത്തലുകളെയും വിവേചനങ്ങളെപ്പറ്റിയും പറഞ്ഞ കൂട്ടത്തിലാണ് ഇതും പറഞ്ഞത്. അടുത്ത കാലത്തായി ഈ പ്രവണത വർധിക്കുകയാണ്. കൂലി കൂടുതൽ ചോദിച്ചതിന്റെ പേരിൽ നഖങ്ങൾ പിഴുതെടുത്തു. അത് വിശ്വാസമാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. രാജ്യത്ത് വർധിച്ചുവരുന്ന ദളിത് വേട്ട കേരളത്തിലും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് ദളിത് വേട്ട വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്നും ചോദ്യം ചെയ്തില്ലെങ്കിൽ കേരളത്തിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.