സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കും; മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പി.ടി.എ, എസ്.എം.സി, പൂർവ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തിയാണു സമിതി രൂപീകരിക്കുകയെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 12,040 സ്കൂളുകളിൽ 2400 ഓളം സ്കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി നടന്നു വരുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും പ്രഭാത ഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പൊതു വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണ്.
വലിയ കമ്പനികളുടെ സിഎസ്ആർ ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേർക്കാൻ ആകുമോയെന്ന കാര്യം പരിശോധിക്കും. ഇതു സംബന്ധിച്ച ആക്ഷൻ പ്ലാൻ തയാറാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററെ ചുമതലപ്പെടുത്തി.
2023-2024 അദ്ധ്യയന വർഷം ഉച്ചഭക്ഷണ വിതരണത്തിനു കേന്ദ്ര സഹായം ലഭ്യമാകാത്തതിനാൽ സംസ്ഥാന മാൻഡേറ്ററി വിഹിതത്തിൽ നിന്ന് ആദ്യ ഗഡുവായി 81.57 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുകയും പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ അക്കൗണ്ടിൽ തുക ലഭ്യമാക്കി പ്രധാന അധ്യാപകർക്കു നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇത് കണക്കിലെടുത്ത് ജൂൺ, ജൂലൈ മാസങ്ങളിലെ കുടിശിക തുക പൂർണമായും ഓഗസ്റ്റ് മാസത്തിലെ കുടിശിക ഭാഗികമായും നൽകുവാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.