കേന്ദ്ര മന്ത്രിസഭാ യോഗം, സമ്മേളനം ഇന്നു മുതൽ പുതിയ മന്ദിരത്തിൽ
ന്യൂഡൽഹി: രാജ്യം ഇന്നു പുതിയ പാർലമെന്റ് മന്ദിരത്തിൽ ഗൃഹപ്രവേശത്തിന് ഒരുങ്ങുമ്പോൾ നിർണായക തീരുമാനങ്ങൾ സംബന്ധിച്ച ആകാംക്ഷ നിലനിർത്തി കേന്ദ്ര മന്ത്രിസഭാ യോഗം. പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനത്തിനു ശേഷം വൈകിട്ട് ആറരയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേർന്നത്.
രണ്ടു മണിക്കൂർ നീണ്ട യോഗത്തിനുശേഷം പക്ഷേ, പതിവുള്ള പത്രസമ്മേളനമുണ്ടായില്ല. രാവിലെ, പാർലമെന്റ് സമ്മേളനത്തിനു മുമ്പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സമ്മേളനത്തിൽ നിർണായ തീരുമാനങ്ങൾ ഉണ്ടാകുമെന്നു പ്രഖ്യാപിച്ചിരുന്നു. എല്ലാവരും താത്പര്യത്തോടെ സമ്മേളനത്തിൽ പങ്കെടുക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി പ്രതിപക്ഷത്തിന് കരയാനും നിലവിളിക്കാനും ഏറെ സമയം ബാക്കിയുണ്ടെന്നും പരിഹസിച്ചു.
പഴയ തിന്മകളെ ഉപേക്ഷിച്ച് പുതിയ വിശ്വാസത്തോടെയും ഊർജത്തോടെയും പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കണമെന്നും ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനുള്ള നിർണായക തീരുമാനങ്ങൾ പുതിയ മന്ദിരത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്ന് റിപ്പോർട്ടുകളുണ്ട്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന പ്രഖ്യാപനത്തിൽ തുടർ നടപടികൾക്കു തീരുമാനമെടുത്തെന്നും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റുന്ന പ്രമേയത്തിന് അംഗീകാരം നൽകിയെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വനിതാ ബിൽ നാളെയാകും അവതരിപ്പിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്.
മന്ത്രിസഭാ യോഗത്തിനു മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷായുമായി വാണിജ്യ മന്ത്രി പീയൂഷ് ഗോയലും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ചർച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തുടർന്ന് ഗോയലും ജോഷിയും മോദിയെ കണ്ടിരുന്നു. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെ കുറിച്ച് ആയിരുന്നു ഇന്നലെ ഇരുസഭകളിലെയും ചർച്ച.
പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാക്കളും ഉൾപ്പെടെ പങ്കെടുത്ത ചർച്ചയോടെ നിലവിലുള്ള പാർലമെന്റ് മന്ദിരത്തിലെ സമ്മേളനത്തിന് അവസാനമായി. ഇന്ന് പുതിയ മന്ദിരത്തിലാകും സമ്മേളനം. പഴയ മന്ദിരത്തിൽ ഇന്ന് എം.പിമാരുടെ ഫോട്ടൊസെഷൻ നടക്കും.