ചാമ്പ്യൻസ് ബോട്ട് ലീഗ്; മൂന്നാംപതിപ്പ് മത്സരങ്ങൾ ഇന്ന്
കൊച്ചി: ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിലെ മത്സരങ്ങൾ ശനിയാഴ്ച എറണാകുളം മറൈൻഡ്രൈവിൽ നടക്കും. ജലോത്സവം പകൽ ഒന്നിന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും.
9 ചുണ്ടൻ, 16 ഇരുട്ടുകുത്തി - മുൻ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടൻവള്ളങ്ങളാണ് സിബിഎല്ലിൽ മത്സരിക്കുന്നത്. നടുഭാഗം ചുണ്ടൻ, സെന്റ് പയസ് ടെൻത്, വീയപുരം ചുണ്ടൻ, മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, നിരണം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, പായിപ്പാടൻ ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ആയാപറമ്പ് പാണ്ടി തുടങ്ങിയവയാണിവ.പ്രാദേശിക വള്ളംകളി മത്സരവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഇരുട്ടുകുത്തി എ, ബി ഗ്രേഡ് വിഭാഗത്തിൽ 16 വള്ളങ്ങൾ പങ്കെടുക്കും.
മാസ് ഡ്രില്ലോടെ 2ന് തുടക്കം - ഉദ്ഘാടന സമ്മേളനത്തിനുശേഷം പകൽ രണ്ടിന് മാസ് ഡ്രില്ലോടെ മത്സരങ്ങൾ ആരംഭിക്കും. പ്രാദേശിക വള്ളംകളിയും സിബിഎല്ലിന്റെ ഭാഗമായ ചുണ്ടൻവള്ളങ്ങളുടെ മത്സരവും ഇടവിട്ടാണ് അരങ്ങേറുക. ഇടവേളകളിൽ കലാപരിപാടികൾ അവതരിപ്പിക്കും. ഫ്ലാഷ് മോബും സാംസ്കാരിക പരിപാടികളും നേവിയുടെ ബാൻഡും അഭ്യാസപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ്. പ്രാദേശിക വള്ളങ്ങളുടെ ഫൈനലിനുശേഷമായിരിക്കും ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ.
കേരളത്തിന്റെ സ്വന്തം വള്ളംകളി - കേരളത്തിന്റെ സവിശേഷതകളെ വിനോദസഞ്ചാരികൾക്കുമുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിബിഎൽ സംഘടിപ്പിക്കുന്നത്. ആദ്യലീഗ് മത്സരം ആലപ്പുഴയിലായിരുന്നു. രണ്ടാംമത്സരമാണ് എറണാകുളത്തേത്. തുടർന്ന് കോട്ടപ്പുറം, പിറവം, കോട്ടയം, കൈനകരി, പുളിങ്കുന്ന്, കായംകുളം, കല്ലട, പാണ്ടനാട്, കൊല്ലം എന്നിവിടങ്ങളിൽ നടക്കും. ഡിസംബർ ഒമ്പതിന് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ കൊല്ലത്ത് സിബിഎൽ സമാപിക്കും.
സമ്മാനത്തുക 5.95 കോടി രൂപ - സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മാനത്തുകയാണ് സിബിഎല്ലിന്റേത്. ആകെ 5.95 കോടി രൂപ. ടൂറിസം മേഖലയിൽ 10,000 കോടി രൂപയുടെ വരുമാനമാണ് സിബിഎല്ലിലൂടെ ലക്ഷ്യമിടുന്നത്. 12 കോടി രൂപ സിബിഎല്ലിനായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ട്.ടൂറിസംവകുപ്പാണ് ചുണ്ടൻവള്ളങ്ങളിലെ തുഴക്കാരുടെ ചെലവ് വഹിക്കുന്നത്. പ്രാദേശിക വള്ളംകളിയുടെ ചെലവ് സംഘാടകസമിതി സ്പോൺസർഷിപ് വഴിയാണ് കണ്ടെത്തുന്നത്.