ഡർനയിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 6000 കടന്നു
ഡർന: ലിബിയയുടെ കിഴക്കൻ നഗരം ഡർനയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 6000 കടന്നു. വീടുകളിലും നിരത്തിലും എല്ലാമായി മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന നിലയാണ്. കടലിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ ലോകത്തെയാകെ വിറങ്ങലിപ്പിച്ചു.
മരണസംഖ്യ ഇനിയും ഗണ്യമായി ഉയരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. രക്ഷാപ്രവർത്തകർ ഇപ്പോഴും മൃതദേഹങ്ങൾ ശേഖരിച്ചുവരികയാണ്. കണ്ടെടുത്ത മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്.
നൂറുകണക്കിന് മൃതദേഹങ്ങൾ അയൽനഗരമായ തൊബ്രുക്കിലെ മോർച്ചറികളിലേക്ക് മാറ്റി. പ്രളയത്തിൽ മരിച്ച 84 ഈജിപ്തുകാരുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക് അയച്ചു.പതിനായിരം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഏഴായിരത്തിൽപ്പരം പേർ പരിക്കുകളോടെ ചികിത്സയിലാണ്. 40,000ലധികം പേർ ദുരന്തത്തിൽ ഭവനരഹിതരായി. തീരനഗരങ്ങളിലേക്ക് വളരെ കുറച്ച് ചികിത്സാസംവിധാനങ്ങൾ മാത്രമാണ് എത്തിക്കാനായത്. ഡനിയേൽ ചുഴലിക്കാറ്റിനെ തുടർന്നാണ് ലിബിയയിൽ പേമാരി ആരംഭിച്ചത്.
രണ്ട് ഡാമുകൾ പൊട്ടിയതോടെ ഡർന നഗരം പൂർണമായും വെള്ളത്തിലാവുകയായിരുന്നു. നഗരം ഏഴുമീറ്റർ വെള്ളത്തിനടിയിലായി. റോഡുകൾ പൂർണമായും ഒലിച്ചുപോയത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നു. നഗരത്തിലേക്കുള്ള രണ്ട് മലമ്പാതകൾ മാത്രമാണ് ഉപയോഗയോഗ്യമായുള്ളത്.
ബുൾഡോസറുകൾ ഉപയോഗിച്ച് അവശേഷിക്കുന്ന റോഡുകളിലെ തടസ്സം മാറ്റാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.അയൽരാജ്യങ്ങളായ ഈജിപ്ത്, അൾജീരിയ, ടുണീഷ്യ, തുർക്കിയ, യുഎഇ എന്നിവ രക്ഷാസേനയെ അയച്ചിട്ടുണ്ട്.
അടിയന്തര ധനസഹായം അയക്കുന്നതായി അമേരിക്ക പറഞ്ഞു. ലിബിയയുടെ മറ്റ് പ്രദേശങ്ങളിലും കനത്ത മഴയാണ്. വിവിധ ഇടങ്ങളിലായി 100 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.