കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി
കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും(അങ്കണവാടി, മദ്രസകൾ ഉൾപ്പെടെ) വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാമെന്നും യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.
ജില്ലയിൽ ഉത്സവങ്ങൾ പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റു പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
വിവാഹം, റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തേണ്ടതും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു മുൻകൂർ അനുമതി വാങ്ങേണ്ടതുമാണ്.
പൊതുജനങ്ങൾ ഒത്തുചേരുന്ന നാടകം പോലുള്ള കലാസാംസ്കാരിക പരിപാടികൾ കായിക മത്സരങ്ങൾ എന്നിവയും മാറ്റിവയ്ക്കണം. പൊതുയോഗങ്ങൾ പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികൾ എന്നിവ മാറ്റിവയ്ക്കണം.
നിപ രോഗബാധയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.