അങ്കമാലി - ശബരി റെയിൽ പദ്ധതി; വിശദമായ റിപ്പോർട്ട് സമർപ്പിച്ചു, പുതുക്കിയ എസ്റ്റിമേറ്റ് കൈമാറിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അങ്കമാലി - ശബരി റെയിൽ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്നും തുടർന്ന് ദക്ഷിണ റെയിൽവേ ആരാഞ്ഞിട്ടുള്ള അധിക വിവരങ്ങൾ ചേർത്ത് 3810.69 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് 27.06.2023ന് റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പദ്ധതിക്ക് 2023-24ൽ 100 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എൽദോസ് പി കുന്നപ്പിള്ളി എംഎൽഎയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
1997- 98 വർഷത്തെ റെയിൽവേ ബജറ്റിൽ നിർദ്ദേശിക്കപ്പെട്ട അങ്കമാലി-ശബരി റെയിൽ പദ്ധതി ശബരിമല തീർത്ഥാടകർക്ക് സൗകര്യമാകുന്നതോടൊപ്പം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സാമ്പത്തിക വികസനത്തിന് വേഗം വർദ്ധിപ്പിക്കുന്നതുമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ചുകോടിയോളം തീർത്ഥാടകരാണ് വർഷംതോറും ശബരിമലയിൽ എത്തുന്നത്. വർദ്ധിച്ചുവരുന്ന തീർത്ഥാടക ബാഹുല്യത്തെ ഉൾക്കൊള്ളാൻ കൂടുതൽ ഗതാഗത സംവിധാനങ്ങൾ ഇവിടെ ആവശ്യമാണ്.
വിനോദസഞ്ചാര മേഖലയിലെയും വ്യാവസായിക മേഖലയിലെയും മുന്നേറ്റത്തിന് പദ്ധതി ഏറെ ഗുണകരമാവും. റെയിൽവേ ബോർഡിന്റെ ആവശ്യമനുസരിച്ച് അങ്കമാലി- ശബരി പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കുന്നതിന് തീരുമാനിച്ച് 2021ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിന് സമർപ്പിച്ചിരുന്നു. തുടർന്ന് ദക്ഷിണ റെയിൽവേ ആരാഞ്ഞിട്ടുള്ള അധിക വിവരങ്ങൾ ചേർത്ത് 3810.69 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് 27.06.2023ന് റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്.
പദ്ധതിക്ക് 2023-24ൽ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്.കേരളത്തിന്റെ റെയിൽവേ വികസന പാതയിൽ വഴിത്തിരിവാകുന്ന പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് സംസ്ഥാനം കത്തയച്ചിട്ടുണ്ട്.
കേന്ദ്രാനുമതിയോടെ മാത്രമേ റെയിൽ പദ്ധതികൾ നടപ്പാക്കാനാവൂ. ഇത്തരം കാര്യങ്ങളിൽ നാം ഒന്നിച്ച് ശബ്ദം ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.