കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ല, ആലുവയിലെ വിഷയത്തിൽ പൊലീസ് ഉടൻ നടപടി സ്വീകരിച്ചു; മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവർക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അക്രമണങ്ങളിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ആലുവയിലെ കുട്ടിയുടെ വിഷയത്തിൽ പൊലീസ് ഉടൻ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ സാദത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികൾക്കു പുറമെ 56 അതിവേഗ കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചതിൽ 54 എണ്ണത്തിന്റെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുപടിയുടെ പൂർണരൂപം - സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവർക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അക്രമണങ്ങളിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും പോലീസ് പ്രതിജ്ഞാബദ്ധമാണ്. എറണാകുളം ആലുവയിൽ ബീഹാർ സ്വദേശികളുടെ വീട്ടിൽ 07.09.2023 വെളുപ്പിന് അതിക്രമിച്ചു കയറി 8 വയസ്സുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയെ കാണാനില്ല എന്ന അച്ഛന്റെ ജേഷ്ഠന്റെ പരാതിയെത്തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് അന്വേഷിച്ച് സത്വര നടപടി സ്വീകരിച്ചിട്ടുള്ളതാണ്.
കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിട്ടുണ്ട്. ഈ സംഭവത്തിൽ IPC 450, 363, 366A, 376AB, 380, പോക്സോ നിയമത്തിലെ 3, 4(2), 5A(i), 5m തുടങ്ങിയ വകുപ്പുകൾ പ്രകാരം ക്രൈം. 867/2023 ആയി കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിലേക്കായി CCTV ക്യാമറകൾ പരിശോധിച്ചും പ്രതി മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ അന്നുതന്നെ വൈകുന്നേരം 5 മണിയോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുള്ളതും അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്.
03.08.2023ന് തിരൂരങ്ങാടിയിൽ മധ്യപ്രദേശ് സ്വദേശിയുടെ 4 വയസുള്ള പെൺകുട്ടിയെ സമീപത്ത് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ക്രൈം. 763/2023 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും, പ്രതിയെ 04.08.2023 ന് അറസ്റ്റ് ചെയ്ത് തെളിവുകൾ ശേഖരിച്ച് റിമാന്റിൽ പാർപ്പിച്ചിട്ടുള്ളതുമാണ്.
23.08.23 ന് ആലപ്പുഴ അർത്തുങ്കലിൽ അറഫുൾ ഇസ്ലാം എന്നയാൾ 15 വയസ്സുളള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ക്രൈം. 748/23 ആയി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിട്ടുളളതാണ്.
ഈ പറഞ്ഞ എല്ലാ സംഭവങ്ങളിലും പോലീസ് കുറ്റമറ്റ അന്വേഷണം നടത്തുകയും പ്രതികളെ അതിവേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്തിട്ടുള്ളതാണ്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായ ഏതൊരു അവസരത്തിലും പോലീസ് ശക്തമായ നടപടികൾ എടുത്തിട്ടുണ്ട്. പ്രതികളെ സമയബന്ധിതമായിത്തന്നെ പിടികൂടിയിട്ടുമുണ്ട്.
മുഖ്യമന്ത്രിയുടെ രണ്ടാം മറുപടിയിൽ നിന്നും - സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തു തന്നെ ഏറ്റവും മികച്ച റിക്കോർഡുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ ചില പ്രദേശങ്ങളിൽ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെ മറികടക്കണമെങ്കിൽ എല്ലാ പൊതുപ്രസ്ഥാനങ്ങളുടെയും ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകണം. വൈകാരികമായ പ്രതികരണങ്ങൾക്കപ്പുറം നാടിന്റെ സൈ്വരജീവിതത്തിന് തടസ്സമുണ്ടാക്കുന്ന ഏതുതരം നീക്കത്തെയും ഒരുമിച്ച് നേരിടാനും തള്ളിപ്പറയാനും സമൂഹത്തിനാകെ കഴിയേണ്ടതുണ്ട്.
ആലുവ സംഭവത്തിൽ ഉണ്ടായ അനുഭവം ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്. ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാൻ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്.
അവരാണ് പോലീസിനു സഹായികളായി പുഴയിൽ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയത്. തിരുവല്ലൂർ സ്വദേശി ജി. മുരുകൻ, തുരുത്ത് സ്വദേശി വി.കെ. ജോഷി എന്നിവർ.
സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലർ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സംഘടിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്ന സംഭവങ്ങൾ തടയാൻ പോലീസ് പ്രതിജ്ഞാബദ്ധമാണ്. അത്തരമൊരു കേന്ദ്രമാണ് ആലുവയിൽ മേൽകുറ്റകൃത്യം നടന്ന സ്ഥലം.
കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പോലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമർത്തുക തന്നെ ചെയ്യും. ഇതിൽ പൊതുജനങ്ങളുടെയാകെ സഹായം പോലീസിനു വേണ്ടതുണ്ട്.
ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികൾ ആക്രമിക്കപ്പെടുകയും ചിലർ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ആ രംഗത്ത് കൂടുതൽ സമഗ്രവും ഫലപ്രദവുമായ ചില നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പോലീസ് സ്റ്റേഷനുകൾ മുഖേന നടത്തുന്നുണ്ടെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ വിവരങ്ങൾ ശേഖരിക്കുന്നതിന് ചില പരിമിതികൾ പോലീസ് നേരിടുന്നുണ്ട്.
തൊഴിൽദാതാക്കളോ കരാറുകാരോ വീട് വാടകയ്ക്ക് നൽകുന്നവരോ അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ചുവയ്ക്കാത്തതുമൂലം ഇവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കഴിയുന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും അവരുടെ രജിസ്ട്രേഷനുമായി തൊഴിൽ വകുപ്പ് അതിഥി പോർട്ടൽ പ്രാവർത്തികമാക്കിയിട്ടുണ്ട്.
അതിഥിത്തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ തൊഴിൽ ദാതാക്കളിൽ നിന്ന് ശേഖരിക്കണമെന്ന് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിഥിത്തൊഴിലാളികളുടെ വിവരങ്ങളും, അവർ താമസിക്കുന്ന കെട്ടിട ഉടമയുടെയും, ആരുടെ കീഴിലാണ് ജോലി ചെയ്യുന്നത് തുടങ്ങിയ വിവരങ്ങളും പോലീസ് സ്റ്റേഷനുകളിലെ മൈഗ്രന്റ് ലേബർ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുണ്ട്. അതിഥിത്തൊഴിലാളികളുടെ അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ രൂപത്തിലാക്കി ശേഖരിക്കുന്നതിന് ഐ ജി തലംവരെയുള്ള എല്ലാ ഉയർന്ന പോലീസ് ഓഫീസർമാർക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് അപരിചിതരായവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ സ്കൂളുകളിലും പരിസരപ്രദേശങ്ങളിലും കുട്ടികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം റസിഡൻഷ്യൽ ഏരിയകളിൽ കുട്ടികൾ അപരിചിതരുമായി സഹകരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണവും നടത്തുന്നുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിനും യഥാസമയം പ്രതികരിക്കുന്നതിനും അവരെ സജ്ജമാക്കുന്നതിനുമായി ജനമൈത്രി പോലീസ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗാർഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് എത്താതെ തന്നെ നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതകൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷ ഒരുക്കുന്നതിനായി നിഴൽ എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ സുരക്ഷാ പദ്ധതികളെ സംബന്ധിച്ച വിശദമായ വിവരങ്ങൾ വിവിധ സന്ദർഭങ്ങളിൽ സഭയിൽ നൽകിയിട്ടുണ്ട്.
പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികൾക്കു പുറമെ 56 അതിവേഗ കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചതിൽ 54 എണ്ണത്തിന്റെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഈ കോടതികളിൽ പ്രത്യേക പ്രോസിക്യൂട്ടർ ഉൾപ്പെടെയുള്ളവരെ നിയമിച്ചിട്ടുണ്ട്. കേസുകളുടെ വിചാരണ, തീർപ്പാക്കൽ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി മാസത്തിലൊരിക്കൽ കേസുകളുടെ പുരോഗതി വിലയിരുത്തിവരുന്നു. ജില്ലാതലത്തിൽ പോക്സോ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ആവർത്തിച്ചു വ്യക്തമാക്കട്ടെ; സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. എത്ര നിസാരമായ കുറ്റകൃത്യമായാൽപ്പോലും അവയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിലും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇവിടെ പ്രതിപാദിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നടപടി സ്വീകരിച്ചു എന്നതുകൊണ്ട് സർക്കാരിന്റെ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന് കരുതുന്നില്ല. ഇത്തരം ഏതു വിഷയമുണ്ടായാലും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് അവയെ തടയാൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം, പോലീസിനു സഹായം നൽകുകയും വേണം എന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.