സോളാർ ചർച്ച; സതീശനും വിജയനും തമ്മിലുള്ള വ്യത്യാസം അതാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷം ദല്ലാളെന്ന് പറയുന്ന ആൾ തന്റെ അടുക്കലേയ്ക്ക് വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞ വ്യക്തിയാണ് താനെന്നും സതീശനും വിജയനും തമ്മിലുള്ള വ്യത്യാസം അതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഹൗസിൽ ഇരുന്ന് പ്രാതൽ കഴിക്കുമ്പോഴാണ് അയാൾ വരുന്നത്.
ആ സമയത്താണ് ഇറങ്ങിപ്പോകാൻ പറയുന്നത്. അത് സതീശൻ പറയുമോ എന്നറിയില്ല. പക്ഷെ പറയാൻ വിജയൻ മടിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.ദല്ലാൾ കഥ പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വേണ്ടി കെട്ടിപ്പടുത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാർതട്ടിപ്പ് കേസ് യുഡിഎഫ് നേതൃത്വത്തിൽ നടന്ന അധികാര ദുർവിനിയോഗത്തിന്റേയും അഴിമതിയുടേയും അരാജകത്വത്തിന്റേയും സ്വാധീനം എത്ര വലുതായിരുന്നെന്ന് തുറന്ന് കാട്ടിയ ഒന്നായിരുന്നു.
വികസനത്തിന് വേണ്ടി ഉപയോഗിക്കാമായിരുന്ന പാരമ്പര്യേതര ഉർജ പദ്ധതിയേയാണ് കോടികൾ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കിയത്. ഇത് യുഡിഎഫ് സർക്കാർ തന്നെ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയതാണ്. എന്തായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. കമീഷന്റെ കണ്ടെത്തലിനെ തുടർന്നുള്ള നടപടികളാണ് സർക്കാർ എടുത്തത്.
സിബിഐ കേസിൽ അന്വേഷണം പൂർത്തീകരിച്ച് സിജെഎം കോടതിയിൽ 26.12.22 ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചതായാണ് മാധ്യമങ്ങളിൽ കണ്ടത്. സിബിഐ റിപ്പോർട് സർക്കാരിന് കാണാനായില്ല.ഈ റിപ്പോർട്ടിൽ നിരീക്ഷണമുണ്ട് എന്നാണ് പരാമർശം. അത് എന്താണെന്ന് ഊഹിച്ചെടുത്ത് അതിൽ ചർച്ച വേണം എന്ന ആവശ്യവുമായാണ് പ്രതിപക്ഷം വന്നത്.
ഒന്നും മറയ്ക്കാനില്ലാത്തതിനാലാണ് ചട്ടപ്രകാരം നിലനിൽപ്പുണ്ടോ ഇല്ലയ്യോയെന്ന് നോക്കാതെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി നയമസഭയിൽ വ്യക്തമാക്കിഅന്നും ഇന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്നാണ് സർക്കാർ സ്വീകരിച്ച നിലപാട്.
ഉമ്മൻ ചാണ്ടിക്കെതിരായ അന്വേഷണത്തെ സ്വാധീനിച്ചിട്ടില്ല. ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അടിയന്തരപ്രമേയത്തിന്റെ മറുപടിയിൽ വ്യക്തമാക്കി.