ഉച്ചഭക്ഷണ പദ്ധതി ഫണ്ട് വിതരണം, പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച; മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച തന്നെയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും(അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്രസർക്കാരാണ്.
എന്നാൽ, പദ്ധതിയിൽ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നത്.
കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യകരമായ നിലപാടാണ് കേന്ദ്രസർക്കാർ അനുവർത്തിക്കുന്നത്.
ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം കാരണം സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികൾക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പദ്ധതിയ്ക്കുള്ള കേന്ദ്രവിഹിതമായി പതിനായിരം കോടി രൂപയ്ക്ക് മുകളിൽ തുക നടപ്പ് വർഷത്തെ കേന്ദ്രബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ പകുതി അവസാനിക്കാറാകുമ്പോഴും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ആദ്യ ഗഡു കേന്ദ്രവിഹിതം(60 ശതമാനം തുക) റിലീസ് ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
ഇതുവരെ, മധ്യപ്രദേശിന് മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത് (156.58 കോടി രൂപ). സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി നടപ്പ് വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതമായ 163.15 കോടി രൂപയടക്കം കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കൽ തുക 447.46 കോടി രൂപയാണ്. 2022 - 23 വർഷം മുതൽ രണ്ട് ഗഡുക്കളായാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്.
നിശ്ചയിക്കപ്പെട്ട കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായും ബാക്കിയുള്ള 40 ശതമാനം തുക രണ്ടാം ഗഡുവായും അനുവദിക്കുന്നു. ഇത് പ്രകാരം നടപ്പ് വർഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 170.59 കോടി രൂപയാണ്.
ഇത് ലഭിച്ചാൽ ആനുപാതിക സംസ്ഥാന വിഹിതമായ 97.89 കോടി രൂപയുൾപ്പടെ 268.48 കോടി രൂപ താഴെത്തട്ടിലേക്ക് അനുവദിക്കുവാൻ സാധിക്കുന്നതും അതുവഴി നവംബർ വരെയുള്ള ചെലവുകൾക്ക് സ്കൂളുകൾക്കും മറ്റും പണം തടസമില്ലാതെ ലഭ്യമാകുകയും ചെയ്യും.
മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം ആദ്യ ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപയ്ക്കുള്ള വിശദമായ പ്രൊപ്പോസൽ ജൂലൈ 4 ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, പ്രൊപ്പോസൽ സമർപ്പിച്ച് രണ്ട് മാസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം അനുവദിക്കുവാൻ കേന്ദ്രസർക്കാർ തയ്യറായിട്ടില്ല.
മറിച്ച്, പ്രൊപ്പോസലിൻമേൽ വിചിത്രമായ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിട്ടുള്ളത്.പദ്ധതിയിൽ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021 - 22 വർഷം സംസ്ഥാനത്തിന് അർഹതപ്പെട്ട രണ്ടാം ഗഡു കേന്ദ്രവിഹിതം കേന്ദ്രസർക്കാർ നൽകിയില്ല. 132.90 കോടി രൂപയായിരുന്നു ഈ വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ടാം ഗഡു കേന്ദ്രവിഹിതം.
നിരവധി തടസ്സവാദങ്ങളാണ് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ആഭ്യന്തര ധനകാര്യ വിഭാഗം ഉന്നയിച്ചത്. ഈ തടസ്സവാദങ്ങൾക്കൊക്കെ കൃത്യമായ മറുപടികൾ നൽകിയിട്ടും തുക അനുവദിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറായില്ല.
പദ്ധതി തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഈ തുക കൂടി സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കേണ്ടി വന്നു. തുടർന്ന്, 2022 ജൂലൈ മാസത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ നേരിട്ട് ഡൽഹിയിൽ പോകുകയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനെ സന്ദർശിച്ച്, കുടിശ്ശിക കേന്ദ്രവിഹിതം അടിയന്തിരമായി റിലീസ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
സംസ്ഥാനം നടത്തിയ നിരന്തര സമ്മർദ്ദങ്ങൾക്കൊടുവിൽ, 2022-23 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ്, അതായത് 2023 മാർച്ച് 30ന്, 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായ 132.90 കോടി രൂപ കേന്ദ്രസർക്കാർ റിലീസ് ചെയ്തു.
ബന്ധപ്പെട്ട വർഷം തുക നൽകാത്തതിനാലും കേന്ദ്രസർക്കാരിന് വേണ്ടി സംസ്ഥാന സർക്കാർ തുക ചെലവഴിച്ചത് പരിഗണിച്ചും തിരിച്ചടവ് എന്ന നിലയിലാണ് കുടിശ്ശിക തുക അനുവദിച്ചത്.