ത്രിപുര ഉപതെരഞ്ഞെടുപ്പുകൾ; ബി.ജെ.പിക്ക് ജയം
അഗർത്തല: ബി.ജെ.പി സർക്കാർ വോട്ടെടുപ്പ് അട്ടിമറിച്ച ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ജയം. ബോക്സാനഗർ, ധൻപുർ സീറ്റുകളിലാണ് ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചത്.
വോട്ടെടുപ്പ് വ്യാപകമായി അട്ടിമറിച്ചതിനെ തുടർന്ന് ഇവിടെ ഇടതുപക്ഷം വോട്ടെണ്ണൽ ബഹിഷ്കരിച്ചിരുന്നു. ബോക്സാനഗറിൽ തഫാജ്ജൽ ഹൊസൈനും, ധൻപുരിൽ ബിന്ദു ദേബ്നാഥുമാണ് വിജയിച്ചത്. ബോക്സാനഗറിൽ 30237 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ചത്.
വോട്ടിങ്ങനെ: ബി.ജെ.പി - 34146, സി.പി.ഐ(എം) - 3909. കഴിഞ്ഞ തവണ സി.പി.ഐ(എം) സ്ഥാനാർഥിയായിരുന്ന സംസുൽ ഹഖ് 4849 വോട്ടിനായിരുന്നു ഇവിടെ ജയിച്ചത്. കഴിഞ്ഞ തവണത്തെ വോട്ട് : സി.പി.ഐ(എം) 19,404, ബി.ജെ.പി - 14,555, തിപ്രമോത - 3010, തൃണമൂൽ 916. വ്യാപകമായി ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറി നടത്തിയെന്ന് വ്യക്തമാണിവിടെ.ധൻപുരിൽ 18871 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി ബിന്ദു ദേബ്നാഥിന്റെ വിജയം. വോട്ട്: ബി.ജെ.പി - 30017, സി.പി.ഐ(എം) - 11146. കഴിഞ്ഞ തവണ ബി.ജെ.പിയുടെ പ്രതിമ ഭൗമിക് 3500 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. ബി.ജെ.പി - 19,148, സി.പി.ഐ(എം) 15,648.
ത്രിപുരയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ധൻപുർ, ബോക്സാനഗർ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിന്റെ മേൽനോട്ടത്തിൽ തികഞ്ഞ പ്രഹസനമാക്കിയെന്ന് സി.പി.ഐ(എം) പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനാധിപത്യകശാപ്പാണ് നടത്തിയത്. സി.പി.ഐ(എം) പോളിങ് ഏജന്റുമാരെ ബൂത്തുകളിൽ കടക്കാൻ അനുവദിച്ചില്ല.
ബോക്സാനഗറിൽ 16ഉം ധൻപുരിൽ 19ഉം പോളിങ് ഏജന്റുമാർക്ക് മാത്രമാണ് ബൂത്തുകളിൽ പ്രവേശിക്കാൻ സാധിച്ചത്. എന്നാൽ ഇവരെയും ഭീതി പരത്തിയും ബലം പ്രയോഗിച്ചും പുറത്താക്കി. വോട്ടെടുപ്പ് റദ്ദാക്കി, ശക്തമായ സുരക്ഷ സന്നാഹത്തിൽ പൂർണമായും റീ പോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാകണം.
സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് അട്ടിമറിച്ച് നഗ്നമായ നിയമലംഘനത്തിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും റീ പോളിങ് ചുമതലകളിൽനിന്ന് ഒഴിവാക്കണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഉത്തരവാദികളായ എല്ലാവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സി.പി.ഐ(എം) പിബി ആവശ്യപ്പെട്ടു.