ഭൂമിപതിവ് നിയമഭേദഗതി ബില്ലിനെതിരായ നീക്കത്തിലൂടെ അരാഷ്ട്രീയ സംഘടനകളുടെ യഥാർഥ മുഖം പുറത്താകുകയാണ്; സി.പി.ഐ(എം)
ചെറുതോണി: ജനഹിതം മാനിച്ച് സംസ്ഥാന സർക്കാർ ഓഗസ്റ്റ് എട്ടിന് നിയമസഭയിൽ അവതരിപ്പിച്ച ഭൂമിപതിവ് നിയമഭേദഗതി ബില്ലിനെതിരായ നീക്കത്തിലൂടെ അരാഷ്ട്രീയ സംഘടനകളുടെ യഥാർഥ മുഖവും നിക്ഷിപ്ത താൽപ്പര്യങ്ങളും പുറത്താകുകയാണെന്ന് സി.പി.ഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഒരിക്കലും നടക്കില്ലെന്ന് പ്രതീക്ഷിച്ച് സമരത്തിന് ഇറങ്ങിയ അരാഷ്ട്രീയ സംഘടനകൾ ബില്ല് അവതരിപ്പിക്കപ്പെട്ടതോടെ വെപ്രാളപ്പെടുകയാണ്. 1960ലെ ഭൂമി പതിവ് നിയമം, 63 വർഷങ്ങൾക്ക് ശേഷം കടന്നുപോയ സർക്കാരുകളെല്ലാം കൈവയ്ക്കാൻ മടിച്ച നിയമ ഭേദഗതിക്ക് നിശ്ചയ ദാർഢ്യവും ഇച്ഛാശക്തിയുള്ള പിണറായി സർക്കാർ തയ്യാറായി.
പട്ടയം ലഭിച്ച ഭൂമിയിൽ വ്യവസ്ഥകൾക്ക് വിധേയമല്ലാതെ പലമേഖലകളിലെയും നിർമാണങ്ങൾ സർക്കാർ ക്രമവൽക്കരിച്ച് നിയമവിധേയമാക്കും. ഈ പ്രക്രിയയിൽ അനധികൃത നിർമാണങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു.
ഇതോടെ ബില്ലിനെതിരായ നീക്കവുമായി അരാഷ്ട്രീയ സംഘടനകൾ രംഗത്തെത്തിയത്. ഭൂനിയമഭേദഗതി ബില്ലിനുവേണ്ടി ഹർത്താൽ നടത്തുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത അരാഷ്ട്രീയ സംഘടനകൾ ബിൽ അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ മലക്കം മറിഞ്ഞു.
ഇവർ യു.ഡി.എഫിനൊപ്പം ചേർന്ന് ബില്ലിനെതിരെ കരുക്കൾ നീക്കുന്നതിലൂടെ വിവാദ റിസോർട്ട് എം.എൽ.എയും അരാഷ്ട്രീയ സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് വെളിവാക്കുന്നത്. പട്ടയ ഭൂമിയിലെ കർഷകരുടെ നിർമാണത്തിനെതിരെ വിജിലൻസിൽ പരാതി നൽകിയ യൂത്ത് കോൺഗ്രസും മറ്റ് ചില സംഘടനകളും ചേർന്നാണ് ഇടുക്കിയിലെ ഭൂപ്രശ്നത്തെ കോടതി വ്യവഹാരങ്ങളിലേക്ക് തള്ളിവിട്ടത്.
ഇടുക്കിയിൽ മാത്രം നിലനിന്ന ഭൂവിനിയോഗ ചട്ടം സംസ്ഥാനത്താകെ വ്യാപകമാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ട വിവാദ റിസോർട്ട് എംഎൽഎ നിയമസഭയിൽ ബില്ലിനെ എതിർത്തത്. എന്നാൽ, അനധികൃത റിസോർട്ട് നടത്തുന്ന വിവാദ നേതാവിനോടൊപ്പം ചേർന്ന് അരാഷ്ട്രീയ സംഘടനകൾ ബില്ലിനെതിരെ പ്രചാരണം സംഘടിപ്പിക്കുന്നതിലൂടെ ഇവർ തമ്മിലുള്ള അന്തർധാരകളുടെ ചുരുളഴിഞ്ഞു.
സത്യം ഒരിക്കൽ പുറത്തുവരുമെന്ന യാഥാർഥ്യം ജനങ്ങൾക്ക് നേരനുഭവമായി. ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിൽ നിന്ന് പോരാട്ടം നയിച്ച സി.പി.ഐ.എമ്മിനെ അപകീർത്തിപ്പെടുത്താൻ പാർട്ടി ഓഫീസിന്റെ നിർമാണം നിരോധിക്കണമെന്ന് അരാഷ്ട്രീയ സംഘടനകളുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടതും യാദൃശ്ചികമല്ല.
ഗാഡ്ഗിൽ - കസ്തൂരിരംഗൻ കാലഘട്ടത്തിൽ പരിസ്ഥിതി സംഘടനകളും കോൺഗ്രസ് നേതാക്കളും ചില ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിന്റെ പുതിയ രൂപമാണ് ഭൂപതിവ് ബില്ലിനെതിരായ നീക്കത്തിൽ അരാഷ്ട്രീയ സംഘടനകളും ഒത്തുചേർന്നത്.
ഏഴു പതിറ്റാണ്ടിലധികം മലയോര കർഷകരെ കുടിയേറ്റ മണ്ണിൽ കാലുറപ്പിച്ചു നിർത്തിയ സി.പി.ഐ(എം) പ്രസ്ഥാനം അജയ്യമായി മുന്നോട്ടുപോകും.
ഒമ്പത് കുടിയിറക്കുകളെ നേരിട്ട് ഭരണകൂട ഭീകരതകൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് പോരാടിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം ലക്ഷോപലക്ഷം കർഷകരുടെയും ജനങ്ങളുടെയും പ്രതീക്ഷയാണ്.
രണ്ടാംവട്ടവും പിണറായി ഭരണത്തിന് പച്ചക്കൊടി വീശീയ ജനതയ്ക്കുവേണ്ടി സെപ്തംബർ 14ന് നിയമസഭയിൽ ഭൂനിയമ ഭേദഗതി ബിൽ അവസരിപ്പിച്ച് പാസ്സാക്കി ചട്ടങ്ങളും വ്യവസ്ഥകളും രൂപീകരിച്ച് ജില്ലയിലെ ജനങ്ങൾക്കാകെ ഭൂവിനിയോഗ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.
ഭൂനിയമ ബില്ലിനെതിരെ രംഗത്തുവരുന്ന സ്വാർഥ താൽപ്പര്യക്കാർക്ക് സ്വയം വഴിമാറിക്കൊടുക്കേണ്ടി വരുമെന്നും കാലം ഏൽപ്പിക്കുന്ന തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.