പുതുപ്പള്ളിയിൽ വോട്ടെടുപ്പ് തുടങ്ങി
പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 6 മണി വരെയാണ് വോട്ടെടുപ്പ്. 182 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
957 പുതിയ വോട്ടർമാരുമുണ്ട്. വെബ്കാസ്റ്റിങ് ഉൾപ്പെടെയുള്ള ശക്തമായ സുരക്ഷകൾ തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുണ്ട്. 675 അംഗ പൊലീസ് സേനയെയും നിയോഗിച്ചു.10 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. ഈ ബൂത്തുകളിൽ പോളിങ്ങിന്റെയും സുരക്ഷയുടെയും ചുമതല വനിതകൾക്കാണ്.
ഏഴു മണിക്ക് മുമ്പുതന്നെ വോട്ട് രേഖപ്പെടുത്താനായി ജനങ്ങൾ ബൂത്തുകളിലെത്തിത്തുടങ്ങി.മിക്ക ബൂത്തുകളിലും തിരക്കുണ്ടെന്നും വോട്ടെടുപ്പ് നന്നായി തന്നെ നടക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ സൗകര്യം പ്രയോജനപ്പെടുത്തി 2,491 പേർ വീടുകളിൽതന്നെ വോട്ടുചെയ്തിരുന്നു.
കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ.ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്.സി. തോമസ് മണർകാട് ഗവൺമെന്റ് സ്കൂളിലും യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ജോർജിയൻ സ്കൂളിലും വോട്ട് രേഖപ്പെടുത്തും.
എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലിന് പുതുപ്പള്ളിയിൽ വോട്ടില്ല.പുതുപ്പള്ളിക്കൊപ്പം അഞ്ചു സംസ്ഥാനത്തെ ആറു നിയമസഭാ സീറ്റുകളില്‍ കൂടി ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. ധനാപുര്‍, ബോക്സാനഗര്‍(ത്രിപുര), ധുമ്രി (ജാര്‍ഖണ്ഡ്), ഭാഗേശ്വര്‍ (ഉത്തരാഖണ്ഡ്), ഘോസി (യുപി), ദൂപ്ഗുരി (പശ്ചിമബംഗാള്‍) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.
ഇതില്‍ അഞ്ചിടത്തും സിറ്റിങ്ങ് എം.എല്‍.എമാരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എം.എല്‍.എമാര്‍ രാജിവച്ചതോടെയാണ് മറ്റ് രണ്ടിടത്തെ തെരഞ്ഞെടുപ്പ്.