ഇന്ത്യ യോഗത്തിനു ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതെ മമത
ന്യൂഡൽഹി: ഇന്ത്യ പ്രതിപക്ഷ സഖ്യത്തിൽ തുടക്കത്തിലേ കല്ലുകടി. സംസ്ഥാനങ്ങളിലെ സീറ്റു വിഭജനം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യം നടപ്പിലാകാത്തതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അസ്വസ്ഥയാണെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിയിലെ ഇന്ത്യ യോഗത്തിനു ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതെ മമത ബാനർജി മടങ്ങുകയും ചെയ്തു. യോഗം കഴിഞ്ഞ ഉടനെ തന്നെ മമതയും അനന്തരവനും തൃണമൂൽ എം.പിയുമായ അഭിഷേക് ബാനർജിയും വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
തൃണമൂലിൻറെ മുതിർന്ന നേതാവ് ഡെറിക് ഒബ്രയാനും വാർത്താസമ്മേളനത്തിൽ നിന്ന് വിട്ടു നിന്നു. സീറ്റ് വിഭജനം പൂർത്തിയാക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് തൃണമൂൽ നേതാക്കൾ പ്രതിപക്ഷ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി, ജനതാദൾ(യു) എന്നിവരും വിഷയത്തിൽ മമതയ്ക്കൊപ്പമാണ്. എന്നാൽ വിഷയത്തിന് പ്രഥമ പരിഗണ നൽകുന്നതിൽ കോൺഗ്രസ് മൗനം പാലിച്ചു.
ഇന്ത്യ സഖ്യത്തിൽ ഒപ്പമാണെങ്കിലും പശ്ചിമബംഗാളിലെ തൃണമൂൽ, ഇടത്, കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള ശത്രുതയും കേരളത്തിലെ ഇടത്, കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള ശത്രുതയും സീറ്റ് വിഭജനത്തെ ബാധിക്കാനിടയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാമെന്നാണ് ഇന്ത്യ യോഗത്തിൽ തീരുമാനമായിരിക്കുന്നത്. എന്നാൽ പശ്ചിമബംഗാളിലും കേരളത്തിലും ഇതത്ര എളുപ്പമായിരിക്കില്ല.
സെപ്റ്റംബറിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കി പ്രചാരണം ആരംഭിക്കണമെന്നാണ് സഖ്യം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സീറ്റ് വിഭജനത്തിൽ പ്രാദേശിക പാർട്ടികൾക്ക് പരിഗണന നൽകാൻ കോൺഗ്രസ് തയാറാണെന്ന് യോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.