ഗാന്ധിനഗർ പി.ആൻഡ്.ടി കോളനിവാസികൾക്കുള്ള ഫ്ലാറ്റ് ഉദ്ഘാടനം നാളെ
കൊച്ചി: മാനത്ത് മഴക്കാറുകണ്ടാൽ ഉള്ളിൽ തീ നിറയുന്ന ദുരിതകാലം എറണാകുളം ഗാന്ധിനഗർ പി.ആൻഡ്.ടി കോളനിവാസികൾക്ക് ഇനി മറക്കാം. വേലിയേറ്റത്തിൽ കനാലിലൂടെ ഓരുവെള്ളം കുടിലിൽ കയറുമെന്നും ഇനി ഭയക്കേണ്ട.
മഴ വന്നാലും ഇല്ലെങ്കിലും വെള്ളക്കെട്ടും ദുരിതവും പേറി ആസ്ബസ്റ്റോസ് ഷീറ്റിട്ട കൂരകളിൽ ജീവിച്ചുവന്നവർക്ക് ഇനി മൂന്നുനില സമുച്ചയങ്ങളിലെ ഫ്ലാറ്റിൽ സമാധാനത്തോടെ കിടന്നുറങ്ങാം.
മഹാനഗരത്തിലെ പുറമ്പോക്കിലായിരുന്ന 83 കുടുംബങ്ങൾക്കാണ് ജി.സി.ഡി.എയും സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയും ചേർന്ന് കിടപ്പാടമൊരുക്കിയത്. ഫ്ലാറ്റിനു സമീപമുള്ള രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭവനസമുച്ചയങ്ങൾ ശനി പകൽ 11ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും. മേയർ എം.അനിൽകുമാർ താക്കോൽദാനം നിർവഹിക്കും. കെ.ജെ.മാക്സി എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള എന്നിവർ പങ്കെടുക്കും. വിശാലകൊച്ചി വികസന അതോറിറ്റിയുടെ(ജി.സി.ഡി.എ) തോപ്പുംപടി മുണ്ടംവേലിയിലെ 70 സെന്റിലാണ് 14.61 കോടി രൂപ ചെലവഴിച്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചത്.
ഏഴുകോടിയിലധികം രൂപ വിലവരുന്ന സ്ഥലത്താണ് ഇവ ഉയർന്നത്. പ്രീ എൻജിനിയറിങ് സാങ്കേതികവിദ്യയിൽ ഉരുക്കുതൂണുകളിലും ബീമുകളിലും എ.സി.സി കട്ടകൾ കെട്ടിയാണ് 42 അപ്പാർട്ടുമെന്റുകൾ വീതമുള്ള രണ്ട് ഭവനസമുച്ചയങ്ങൾ നിർമിച്ചത്.
375 ചതുരശ്രയടി വീതമുള്ള അപ്പാർട്ടുമെന്റുകളിൽ രണ്ടു കിടപ്പുമുറികൾ, ലിവിങ്ങ്/ഡൈനിങ്ങ് റൂം, അടുക്കള, ശുചിമുറി എന്നിവയുണ്ട്. പൊതുസൗകര്യങ്ങളായി ഒരു വിശ്രമ–വിനോദമുറി, ഡേ കെയർ സെന്റർ, അഡ്മിനിസ്ട്രേഷൻ റൂം, റീഡിങ്ങ് റൂം, മഴവെള്ള സംഭരണി, കുടിവെള്ള സംവിധാനം, അഗ്നിരക്ഷാ സംവിധാനം എന്നിവയുമുണ്ടാകും.
തൃശൂർ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ്(ടി.ഡി.എൽ.സി.സി.എസ്) നിർമാണ കരാറുകാർ. മുഖ്യമന്ത്രി പിണറായി വിജയൻ 2018 ജൂലൈ മുപ്പത്തൊന്നിനാണ് ഭവന പദ്ധതിക്ക് കല്ലിട്ടത്.
കോവിഡിന്റെ വ്യാപന കാലത്ത് നിർമാണ തൊഴിലാളികളുടെ കുറവും നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും വില വർധനയും പദ്ധതി വൈകാൻ ഇടയാക്കിയെങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് പൂർത്തിയാക്കി.