കാന്തല്ലൂർ പഞ്ചായത്തിലെ അമ്പതാം ബ്ലോക്ക് വനംവകുപ്പിന് നൽകിയ ഉത്തരവ്, വിനോദസഞ്ചാര വികസനത്തിന് തിരിച്ചടി
മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ അമ്പതാം ബ്ലോക്ക് പൂർണമായും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വനംവകുപ്പിന് കൈമാറിയ ഉത്തരവ് വിനോദസഞ്ചാര വികസനത്തിന് കനത്ത തിരിച്ചടിയായി. കേരളത്തിലെ പിന്നോക്ക പ്രദേശമെന്ന നിലയിലാണ് കാന്തല്ലൂർ മറയൂർ അറിയപ്പെട്ടിരുന്നത്.
കൃഷിയെ ആശ്രയിച്ചാണ് ഭൂരിഭാഗം ജനങ്ങളും കഴിഞ്ഞിരുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് മുന്നേറാൻ കഴിയാതെ, മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുമാകാതെ തമിഴ്നാട്ടിലെ തിരുപ്പൂരിലും കോയമ്പത്തൂരിലെ കമ്പനികളിലും ജോലി തേടിപ്പോയവർ നിരവധിയാണ്.
പിന്നീട് കാന്തല്ലൂരിലെ ഗ്രാന്റീസ് കൃഷിയും അനുബന്ധമായുണ്ടായ തൊഴിലും വിനോദസഞ്ചാര വികസനവുമാണ് കാന്തല്ലൂർ മേഖലയിലെ ജനങ്ങളെ പട്ടിണിയിൽ നിന്നും സാമ്പത്തിക ഭദ്രതയിലേക്ക് എത്തിച്ചത്.
ചിന്നാർ വന്യജീവി സങ്കേതം, ആനമലചോല ദേശീയോദ്യാനം, മറയൂർ ചന്ദന റിസർവ് എന്നിവയാൽ ചുറ്റപ്പെട്ട പ്രദേശമാണ് കാന്തല്ലൂർ - മറയൂരെന്ന പേരിൽ അറിയപ്പെടുന്ന അഞ്ചുനാട് മേഖല.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിവേദിത.പി.ഹരന്റെ റിപ്പോർട്ടിനെ ആധാരമാക്കി ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടയുള്ള പരിസ്ഥിതി ദുർബല പ്രദേശമാക്കിയതിന്റെ ദുരിതഫലം അഞ്ചുനാട് ജനത കാലങ്ങളോളം അനുഭവിച്ചു.
ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകളെത്തുടർന്ന് കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് പോലും വിലക്കുണ്ടായി.
പരിസ്ഥിതി നിയമക്കുരുക്കളഴിച്ച് മരംമുറി വിലക്ക് നീക്കി നൽകി കർഷകരെ ചേർത്ത്നിർത്തിയത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്.
സർക്കാരിനെ പൊതുവായിട്ടുള്ള വികസനങ്ങൾക്ക് അവശേഷിക്കുന്നതും ജനങ്ങൾ കൈവശംവച്ച് ഗ്രാന്റീസ് മരങ്ങൾ ഉൾപ്പെടെ നട്ടുവളർത്തുന്നതുമായ പ്രദേശമാണ് ഇപ്പോൾ വനം വകുപ്പിന് വിട്ടുനൽകിയിരിക്കുന്ന കീഴാന്തൂർ വില്ലേജിലെ അമ്പതാം ബ്ലോക്ക്.