തമിഴ്നാട്ടിലെ പ്രഭാതഭക്ഷണ പദ്ധതിയെ പരിപഹസിച്ച് സംഘ്പരിവാർ അനുകൂല പത്രം; പ്രതിഷേധം ശക്തം
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂൾ പ്രഭാതഭക്ഷണ പദ്ധതിയെ പരിഹസിച്ച് സംഘ്പരിവാർ അനുകൂല പത്രമായ ദിനമലരിൽ പ്രസിദ്ധീകരിച്ച വാർത്തക്കെതിരെ വ്യാപക പ്രതിഷേധം. വിവിധയിടങ്ങളിൽ വിദ്യാർഥികൾ ഉൾപ്പടെ ദിനമലർ പത്രത്തിന്റെ കോപ്പികൾ കത്തിക്കുകയും പത്രം ഓഫീസുകളിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.
വിവിധയിടങ്ങളിൽ പത്രത്തിന്റെ ബാനറുകളും ബോർഡുകളും തകർത്തു. ഡി.എം.കെയോടൊപ്പം ഡി.വൈ.എഫ്.ഐ ഉൾപ്പടെയുള്ള സംഘടനകളും വിവിധയിടങ്ങളിൽ പ്രതിഷേധത്തിന്റെ ഭാഗമായി. കുംഭകോണത്ത് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ ദിനമലർ പത്രത്തിന്റെ കോപ്പികൾ കത്തിച്ചു.
പോഷകാഹാര പദ്ധതി വിപുലപ്പെടുത്തിയിതിന്റെ ഭാഗമായി തമിഴ്നാട്ടിലെ സ്കൂളുകളിൽ പ്രഭാത ഭക്ഷണം കൂടി ഉൾപ്പെടുത്തിയിരുന്നു. ഈ പദ്ധതിയെ അധിക്ഷേപിച്ച് കൊണ്ടാണ് പത്രം വാർത്ത പ്രസിദ്ധീകരിച്ചത്. പദ്ധതി സ്കൂളുകളിൽ ടോയ്ലറ്റുകൾ നിറയുന്നതിന് കാരണമാകുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ദിനമലരിൽ പ്രസിദ്ധീകരിച്ച വാർത്ത.
മനുസ്മൃതിയുടെ പ്രചാരകർ തൊഴിലാളിവർഗത്തെയും അടിച്ചമർത്തപ്പെട്ടവരെയും ചൂഷണം ചെയ്യുമ്പോൾ എല്ലാവർക്കും വേണ്ടിയെന്ന ആശയം ഉയർത്തി സാമൂഹ്യനീതി നേടിയെടുക്കാനാണ് ദ്രാവിഡ പ്രസ്ഥാനം ശ്രമിക്കുന്നതെന്ന് എം.കെ.സ്റ്റാലിൻ പറഞ്ഞു.
മനുധർമ്മമാണ് ദിനമലർ പത്രമെന്നും കൊണ്ടുനടക്കുന്നത്. ശൂദ്രർക്ക് വിദ്യാഭ്യാസം നൽകരുതെന്ന രീതി തകർത്തത് ദ്രാവിഡഭരണമാണ്. അവരാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ വിപ്ലവം വരെ കൊണ്ടുവന്നത്.
21ാം നൂറ്റാണ്ടിൽ ചന്ദ്രനിലേക്ക് പേടകങ്ങൾ അയക്കുമ്പോൾ സനാതന ധർമ്മം പ്രചരിപ്പിക്കുന്നവർ ഇത്തരമൊരു തലക്കെട്ടാണ് നൽകുന്നതെങ്കിൽ 100 വർഷം മുമ്പ് അതെന്തുചെയ്യുമായിരുന്നു.
അടിച്ചമർത്തപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കും? സ്റ്റാലിൻ ചോദിച്ചു.വിദ്യാഭ്യാസം നിറയുന്നത് ശ്രദ്ധിക്കുന്നതാണ് ദ്രാവിഡ സംസ്കാരമെങ്കിൽ ടോയ്ലറ്റുകൾ നിറയുന്നുണ്ടോയെന്ന് ശ്രദ്ധിക്കലാണ് ആര്യൻമാരുടെ സംസ്കാരമെന്ന് തമിഴ്നാട് യുവജന, കായിക ക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.