ആലുവ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം
കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് സമർപ്പിച്ചു. ജില്ലാ പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ 99 സാക്ഷികളുണ്ട്.അസ്ഫാക്ക് ആലം മാത്രമാണ് കേസിൽ പ്രതി. കുട്ടിയുടെ ഉടുപ്പ്, ചെരിപ്പ്, പ്രതിയുടെ ഉടുപ്പ്, ചെരിപ്പ് തുടങ്ങിയ 75 തൊണ്ടി വസ്തുക്കൾ തെളിവുകളായി സമർപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തിയ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. എണ്ണൂറോളം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 150 രേഖകളുണ്ട്.
ഇതിന് പുറമേ നൂറ് മെഡിക്കൽ രേഖകളും സമർപ്പിച്ചു.തൊണ്ണൂറ് ദിവസത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. അഡ്വ. ജി മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ. പ്രതി അസ്ഫാക് ആലത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ബിഹാറിലേയ്ക്കും ഡൽഹിയിലേയ്ക്കും പ്രത്യേക സംഘത്തിനെ അയച്ചിരുന്നു.
പ്രതി അസ്ഫാക് ആലത്തിന്റെ പോക്സോ കേസിലെ എല്ലാ രേഖകളും അന്വേഷക സംഘത്തിന് ലഭിച്ചു.2018ൽ ഗാസിപുർ ഡയറി ഫാം പൊലീസ് സ്റ്റേഷനിൽ അസ്ഫാക്കിനെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് രേഖകൾ ഗാസിപുർ കോടതിയിൽ നിന്നാണ് ശേഖരിച്ചത്. ഈ കേസിന്റെ എഫ്ഐആറും സമർപ്പിച്ചിട്ടുണ്ട്.
ഈ കേസിൽ ഒരു മാസത്തെ തടവിന് ശേഷം ജാമ്യത്തിലിറങ്ങിയ അസ്ഫാക്ക് നാടുവിടുകയായിരുന്നു. തുടർന്നാണ് ഈ കേസിൽ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്.
അസ്ഫാകിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന്റെ ഗാസിപുർ കോടതി രേഖകളും സമർപ്പിച്ചു.ബിഹാറിലെത്തിയ അന്വേഷക സംഘം അസ്ഫാക്കിന്റെ വ്യക്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
സ്ഥിരം പ്രശ്നക്കാരനായതിനാൽ ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നതായുള്ള ബന്ധുക്കളുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ആലുവ മാർക്കറ്റിനു പിന്നിലുള്ള സ്ഥലത്ത് ഫൊറൻസിക് വിദഗ്ധർ അടങ്ങുന്ന സംഘം രണ്ട് തവണ വിശദ പരിശോധന നടത്തിയാണ് നിർണ്ണായക തെളിവുകൾ ശേഖരിച്ചത്.
പ്രതി ആലുവ മാർക്കറ്റിനുള്ളിലേയ്ക്ക് അഞ്ച് വയസ്സുകാരിയുമായി കയറി പോകുന്നതിന്റെയും ഒറ്റയ്ക്ക് തിരികെ പോകുന്നതിന്റെയും സി.സി.റ്റി.വി ദൃശ്യങ്ങളും ലഭിച്ചിരുന്നു.