ആദിത്യ എൽ1 വിക്ഷേപണം നാളെ
ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ വണ്ണിൻറെ കൗണ്ട് ടൗൺ ഇന്ന് ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതാഷ് ധവാൻ സ്പേസ് സെൻററിൽ നിന്നും നാളെ രാവിലെ 11.50 നാണ് പിഎസ്എൽവി റോക്കറ്റിൽ ആദിത്യ എൽ വണ്ണിൻറെ വിക്ഷേപണം.
വിക്ഷേപണത്തിൻറെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്റേഞ്ച് പോയിൻറുകളിൽ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക.
ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിൻറ്. ഗ്രഹണം അടക്കമുള്ള തടസ്സങ്ങൾ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ ഈ പോയിൻറിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ. സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും.
ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യൻറെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകൾ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകൾ പേടകത്തിലുണ്ടായിരിക്കും.
ഇതിൽ 4 പേലോഡുകൾ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും. കോറോണൽ ഹീറ്റിങ്ങ് മൂലമുള്ള പ്രശ്നങ്ങൾ, കൊറോണൽ മാസ് ഇജക്ഷൻ, പ്രി-ഫ്ലെയർ, ഫ്ലെയർ പ്രവർത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്സ് എന്നിവയെക്കുറിച്ചെല്ലാം നിർണായകമായ വിവരങ്ങൾ ശേഖരിക്കാൻ സൗരദൗത്യത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.