റോബർട്ടോ മാൻസീനി ഇനിമുതൽ സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലകൻ
ന്യൂയോർക്ക്: ഇറ്റാലിയൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ച് റോബർട്ടോ മാൻസീനി സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലകനായി നിയമിതനായി.
നാലു വർഷത്തെ കരാറാണ് ഇറ്റലിക്കാരനായ മാൻസീനിക്കു നൽകിയിരിക്കുന്നതെന്ന് സൗദി അറേബ്യൻ സോക്കർ ഫെഡറേഷൻ അറിയിച്ചു.
സെപ്റ്റംബർ എട്ടിന് കോസ്റ്റ റിക്കയ്ക്കെതിരേയും നാലു ദിവസത്തിനു ശേഷം ദക്ഷിണ കൊറിയയ്ക്കെതിരേയും ആയിരിക്കും പുതിയ റോളിൽ മാൻസീനിയുടെ ആദ്യ അസൈൻമെന്റുകൾ.
'യൂറോപ്പിൽ ഞാൻ ചരിത്രം സൃഷ്ടിച്ചു, ഇനി സൗദിയിൽ ചരിത്രം സൃഷ്ടിക്കാനുള്ള സമയമാണ്', വാർത്ത സ്ഥിരീകരിച്ച ശേഷം മാൻസീനി പ്രഖ്യാപിച്ചു. 27 മില്യൻ ഡോളറാണ്(ഏകദേശം 223 കോടി രൂപ) സൗദി അറേബ്യ പ്രതിവർഷം മാൻസീനിക്കു നൽകുന്നതെന്നാണ് റിപ്പോർട്ട്.
സൗദി അറേബ്യയിൽ സർക്കാർ ദേശസാത്കരിച്ച നാലു ഫുട്ബോൾ ക്ലബ്ബുകൾ യൂറോപ്യൻ ലീഗുകളിൽ നിന്ന് വമ്പൻ താരങ്ങളെ മോഹവില കൊടുത്ത് വലവീശിപ്പിചിട്ടു കൊണ്ടിരിക്കുന്നതിനി ഇടയിലാണ് ഹൈ പ്രൊഫൈൽ പരിശീലകൻ സൗദി ദേശീയ ടീമിന്റെ കോച്ചായി ചുമതലയേൽക്കുന്നത്.
2021ൽ ഇറ്റലിക്ക് യൂറോപ്യൻ ചാംപ്യൻഷിപ്പ് നേടിക്കൊടുത്ത പരിശീലകൻ രാജിവച്ചത് യൂറോപ്യൻ ഫുട്ബോൾ വൃത്തങ്ങളിൽ അമ്പരപ്പുളവാക്കിയത തീരുമാനമായിരുന്നു. അതേസമയം, 2022ലെ ലോകകപ്പിന് യോഗ്യത നേടാനും ഇറ്റലിക്കു സാധിച്ചിരുന്നില്ല. നാപ്പോളിയെ ലീഗ് ചാമ്പ്യൻമാരാക്കിയ ലൂസിയാനോ സ്പലേറ്റിയെയാണ് മാൻസീനിക്കു പകരം ദേശീയ ടീമിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
ഇന്റർ മിലാനൊപ്പം മൂന്നു വട്ടം സീരീ എ കിരീട നേട്ടത്തിലും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കിരീട നേട്ടത്തിലും പങ്കാളിയായിട്ടുള്ള പരിശീലകനാണ് അമ്പത്തെട്ടുകാരനായ മാൻസീനി.