എ.എ.വൈ കാർഡുടമകൾക്ക് 27 നുള്ളിൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ
തിരുവനന്തപുരം: ഓഗസ്റ്റ് 27 നുള്ളിൽ മുഴുവൻ എ.എ.വൈ(മഞ്ഞ) കാർഡുടമകൾക്കും റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ. സർക്കാരിൻറെ സൗജന്യ ഓണക്കിറ്റ് വിതരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇന്നു മുതൽ കിറ്റ് വിതരണം ആരംഭിക്കും. കൊവിഡ് കാലത്ത് പ്രതിസന്ധിയുണ്ടായിട്ടും മുഴുവൻ ആളുകൾക്കും ഭക്ഷ്യകിറ്റ് നൽകാൻ തയാറായ സർക്കാരാണിത്. അതു കൊണ്ട് തന്നെ പ്രതിസന്ധികളെ തരണം ചെയ്ത് പൊതുജനത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ മികച്ച ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും നൽകാൻ ഈ ഓണക്കാലത്തും നമുക്ക് കഴിയുന്നു. മുഴുവൻ ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ടെത്തിക്കും.
സ്കൂളുകളിലെ ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും. ഓണക്കിറ്റിന് അർഹരായവർ അതാത് റേഷൻ കടകളിൽ നിന്നു വാങ്ങാൻ പരമാവധി ശ്രമിക്കണം. നിലവിൽ ഈ രീതിയിലാണു വിതരണത്തിനുള്ള ക്രമീകരണം.
ഇതിനു കഴിയാത്തവർക്കു സൗകര്യപ്രദമായ മറ്റ് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങുന്നതിന് അവസരമുണ്ടാകും. 62 ലക്ഷം കുടുംബങ്ങൾ ഓണത്തിനുള്ള സ്പെഷ്യൽ അരി റേഷൻ കടകളിൽ നിന്നും ഇതിനകം വാങ്ങിയെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു. ഭക്ഷ്യവിതരണത്തിൻറെ പുരോഗതി വിലയിരുത്തുന്നതിന് മൂന്ന് അവധി ദിനങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ് പ്രവർത്തിക്കും.
ഇതിനു പകരമായി ഓണത്തിനു ശേഷം അവധി അനുവദിക്കും. വിതരണത്തിൻറെ സുഗമമായ നടത്തിപ്പിന് ഐ.ടി വകുപ്പുമായി ഏകോപിച്ച് പ്രവർത്തിക്കുന്നതിന് ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ ഔട്ട്ലെറ്റിൽ നല്ല തിരക്കാണനുഭവപ്പെടുന്നത്. 50ശതമാനം വിലക്കുറവിൽ 13 ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുകയാണ്.
മൂന്ന് ദിവസം കൊണ്ട് രണ്ട് കോടി 29 ലക്ഷം രൂപയെന്നത് റെക്കോഡ് വിൽപ്പനയാണ്. വിൽപ്പനക്കനുസൃതമായി സ്റ്റോക്കിൽ കുറവ് വരുന്ന സാഹചര്യം അതിവേഗം പരിഹരിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്. മറിച്ചുള്ള പ്രചരണങ്ങളിൽ വസ്തുതയല്ലെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചതായി ഗതാഗത മന്ത്രി ആൻറണി രാജു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ എ.ആർ.ഡി 114ൻറെ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് കമ്മിഷണർ ഡോ. ഡി.സജിത് ബാബു, കൗൺസിലർമാരായ ഹരികുമാർ.വി, രാഖി രവികുമാർ, ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർ കെ.അജിത് കുമാർ എന്നിവർ സംബന്ധിച്ചു.