ചെസ് ലോകകപ്പ്; ഫൈനലിലെ രണ്ടാംമത്സരത്തിലും സമനിലയിൽ ആർ.പ്രഗ്നാനന്ദ
ബാകു: വിണ്ണിൽ മാത്രമല്ല മണ്ണിലും ത്രസിപ്പിച്ച് ഇന്ത്യ. ചതുരംഗക്കളത്തിലെ തിങ്കൾക്കിടാവായി ആർ.പ്രഗ്നാനന്ദ ശോഭിക്കുന്നു. ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാംമത്സരത്തിലും പതിനെട്ടുകാരൻ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ചു.
ഇന്ന് നിർണായക ടൈബ്രേക്കർ വെെകിട്ട് നാലരയ്ക്ക്. ജയിക്കുന്നവർക്ക് ലോകകപ്പ്. അഞ്ചുതവണ ലോക ചാമ്പ്യനായ നേർവെയുടെ കാൾസന് രണ്ടാംമത്സരത്തിലും ആധിപത്യം നേടാനായില്ല. വെളുത്ത കരുക്കളുമായി കളിച്ചതിന്റെ ആനുകൂല്യം മുതലാക്കാനാകാതെ ഒന്നാംറാങ്കുകാരൻ 30 നീക്കത്തിൽ സമനിലയ്ക്ക് സമ്മതിച്ചു.
ആദ്യ മത്സരം 35 നീക്കത്തിലാണ് സമനിലയിൽ അവസാനിച്ചത്. ഇരുവർക്കും ആദ്യ ലോകകപ്പ് ഫൈനലാണ്.ആദ്യ രണ്ട് മത്സരങ്ങളും ക്ലാസിക്കൽ ശൈലിയിലുള്ളതായിരുന്നു. ടൈബ്രേക്കിൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡാണ്. ഇരുകൂട്ടർക്കും 25 മിനിറ്റുവീതം നൽകിയുള്ള രണ്ട് മത്സരമുണ്ടാകും.
അതിലും സമനിലയായാൽ 10 മിനിറ്റുവീതമുള്ള റാപ്പിഡ് നടക്കും. സമനില തുടർന്നാൽ അഞ്ച് മിനിറ്റിലും മൂന്ന് മിനിറ്റിലും തീരുന്ന സഡൻഡെത്തായ ‘ബ്ലിറ്റ്സ്’ വിധി നിർണയിക്കും. റാപ്പിഡ് മത്സരത്തിൽ കാൾസനെ തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാകും ‘പ്രഗ്ഗ’ നിർണായക മത്സരത്തിന് ഇറങ്ങുക.
കഴിഞ്ഞവർഷം ക്രിപ്റ്റോകപ്പിൽ മൂന്ന് തുടർവിജയങ്ങൾ നേടിയിട്ടുണ്ട്. പതിനാറാംവയസ്സിൽ ലോകചാമ്പ്യനെ കീഴടക്കിയ ഓർമയിലാകും അവസാന പോരാട്ടം. കഴിഞ്ഞവർഷം ഓണലൈൻ മത്സരത്തിൽ കാൾസനെ വീഴ്ത്തിയിരുന്നു. ഇരുവരും മൂന്നുതവണയാണ് ക്ലാസിക്കൽ ശൈലിയിൽ ഏറ്റുമുട്ടിയത്. അത് മൂന്നും സമനിലയായി. ബാക്കിയെല്ലാം പ്രദർശന, റാപ്പിഡ് മത്സരമായിരുന്നു.ലോകകപ്പിൽ ഇരുവരും മുഖാമുഖം വരുന്നത് ആദ്യമായാണ്. കാൾസന് ലോകകപ്പ് മാത്രമാണ് കിട്ടാത്തത്.
മുഖാമുഖം 21(ക്ലാസിക്കലും റാപ്പിഡും പ്രദർശനമത്സരവും ഉൾപ്പെടെ), കാൾസൻ ജയം 8, പ്രഗ്നാനന്ദ 5, സമനില 8.
വിജയവർഷങ്ങൾ - 2014: അണ്ടർ 8 ലോകചാമ്പ്യൻ, 2015 :അണ്ടർ 10 ലോകചാമ്പ്യൻ, 2016: ലോകത്തെ പ്രായംകുറഞ്ഞ ഇന്റർനാഷണൽ മാസ്റ്റർ(പ്രായം10 വയസും 10 മാസവും), 2017: ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ നോം, 2018: ലോകത്തെ പ്രായംകുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്റർ(പ്രായം 12 വയസ് 10 മാസം 13 ദിവസം), 2019: ലോക അണ്ടർ 18 ചാമ്പ്യൻ, 2022: ചെസ് ഒളിമ്പ്യാഡിൽ വെങ്കലനേട്ടം, അർജുന അവാർഡ്, ഓൺലൈൻ ചെസ് ടൂർണമെന്റിൽ മാഗ്നസ് കാൾസനെ തോൽപ്പിച്ചു, 2023: ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്സിൽ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ചു, നിലവിലെ ലോകചാമ്പ്യൻ ഡിങ്ങ് ലിറനെ തോൽപ്പിച്ചു, ചെസ് ലോകകപ്പ് ഫൈനലിൽ.