ബ്രിക്സ് ഉച്ചകോടി; കൂടുതൽ രാജ്യങ്ങൾക്ക് അംഗത്വം നൽകും
ജൊഹന്നാസ്ബർഗ്: കൂടുതൽ രാജ്യങ്ങൾക്ക് അംഗത്വം നൽകുന്നത് പരിഗണിച്ച് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ ചൊവ്വാഴ്ച തുടങ്ങിയ ബ്രിക്സ് ഉച്ചകോടി. കോവിഡിനു ശേഷം നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപുറെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രമഫോസ എന്നിവർ പങ്കെടുക്കുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നേരിട്ട് ഉച്ചകോടിക്ക് എത്തിയിട്ടില്ല.
പകരം വിദേശമന്ത്രി സെർജി ലാവ്റോവ് എത്തി. പുടിന് ഓണ്‍ലൈനായി പങ്കെടുക്കും. സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. സൗദി അറേബ്യ, ഇറാൻ, യു.എ.ഇ തുടങ്ങി ഇരുപതിലധിലകം രാജ്യങ്ങളാണ് അംഗത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ നേതാക്കൾ അംഗത്വ അപേക്ഷകളും ഉക്രയ്ൻ യുദ്ധമടക്കമുള്ള വിഷയങ്ങളും ചർച്ച ചെയ്തു. 2009ൽ ആരംഭിച്ച കൂട്ടായ്മയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവ മാത്രമായിരുന്നു അംഗങ്ങൾ. 2010ലാണ് ദക്ഷിണാഫ്രിക്കയെ ഉൾപ്പെടുത്തിയത്. നിലവിൽ സംഘടന ലോകജനസംഖ്യയുടെ 40 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു.