സവാളവില; കയറ്റുമതി തീരുവ 40 ശതമാനമായി ഉയർത്തിയ നടപടിക്കെതിരെ പ്രതിഷേധിച്ച് കർഷകരും വ്യാപാരികളും
ന്യൂഡൽഹി: സവാളവില നിയന്ത്രിക്കുന്നതിനായി കയറ്റുമതി തീരുവ 40 ശതമാനമായി ഉയർത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായി കർഷകരുടെയും വ്യാപാരികളുടെയും പ്രതിഷേധം. മഹാരാഷ്ട്രയിലെ പ്രധാന സവാള ഉൽപ്പാദനകേന്ദ്രമായ നാസിക്കിലെ കാർഷിക വിപണന സമിതികൾ (എപിഎംസി) സവാള വിൽപ്പന അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.
കഴിഞ്ഞ രണ്ടുദിവസമായി നാസിക്കിലെ വിപണികളിൽ സവാള ലേലം സ്തംഭിച്ചിരിക്കയാണ്. ഏഷ്യയിൽത്തന്നെ സവാളയുടെ ഏറ്റവും വലിയ മൊത്തവിപണനകേന്ദ്രമായ ലസൽഗാവിലടക്കം വിൽപ്പന തടസ്സപ്പെട്ടു. ഉയർന്ന കയറ്റുമതിതീരുവ കേന്ദ്ര സർക്കാർ പിൻവലിക്കുന്നതുവരെ സവാള വിൽക്കില്ലെന്ന നിലപാടിലാണ് കർഷകരും വ്യാപാരികളും.
വിപണനം തടസ്സപ്പെട്ടതോടെ രാജ്യത്ത് സവാള വില വീണ്ടും കുതിക്കാനുള്ള സാധ്യതയേറി. പയർ–- പരിപ്പ് വർഗങ്ങൾക്കുകൂടി വിലയേറിയതോടെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്.കർഷകരും വ്യാപാരികളും പ്രതിഷേധം ആരംഭിച്ചതോടെ സവാള ക്വിന്റലിന് 2410 രൂപയ്ക്ക് സംഭരിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്തുവന്നു. ഡിസംബർ 31 വരെയാണ് കയറ്റുമതി തീരുവ 40 ശതമാനമായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.
ആഗോള വിപണിയില്‍ ആശങ്ക: അരി കയറ്റുമതി നിരോധനത്തിനു പിന്നാലെ സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയ ഇന്ത്യൻ നടപടി ആഗോള വിപണിയിൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന് ആശങ്ക.
പല ഗൾഫ് രാജ്യങ്ങളിലെ വിപണിയിലും സവാള സ്റ്റോക്കുണ്ടെങ്കിലും നിരോധനം രണ്ടാഴ്ചയിലേറെ നീണ്ടാൽ വന്‍വിലക്കയറ്റം നേരിടേണ്ടിവരും. ലോകത്ത് ഏറ്റവും കൂടുതൽ സവാള കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുഎഇ, ബംഗ്ലാദേശ്, മലേഷ്യ, നേപ്പാൾ, ശ്രീലങ്ക, ബഹ്റൈൻ തുടങ്ങി 38 രാജ്യമാണ് ഇന്ത്യയിൽനിന്ന് പ്രധാനമായും സവാള ഇറക്കുമതി ചെയ്യുന്നത്. ഗൾഫ് വിപണിയിൽ ഇന്ത്യൻ സവാളയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ജൂലൈ 20ന് ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതോടെ ആഗോള വിപണിയിൽ അരിവില കുതിച്ചു.