തലപ്പാടി - ചെങ്കള ആദ്യറീച്ച് പകുതിയിലധികവും പൂർത്തിയായി
കാസർകോട്: ഗതാഗതക്കുതിപ്പിന് അതിവേഗം പകർന്ന് തലപ്പാടി - ചെങ്കള ആദ്യറീച്ച് പകുതിയിൽ കൂടുതലും പൂർത്തിയായി. അമ്പതുശതമാനം പൂർത്തിയായതിന്റെ പ്രഖ്യാപനം രണ്ടുമാസം മുമ്പ് നടത്തിയിരുന്നു.
75 ശതമാനം പൂർത്തിയായാൽ പാത സജ്ജമായതായി കണക്കാക്കി ഉദ്ഘാടനത്തിലേക്ക് നീങ്ങും.ആറുവരി ദേശീയപാതയും രണ്ടുവരി സർവീസ് റോഡുമാണ് കുതിപ്പിനായി ഒരുങ്ങുന്നത്. 2024ൽ പണി പൂർത്തിയാക്കുമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി (യുഎൽസിസി) മുമ്പേ പ്രഖ്യാപിച്ചതാണ്.
തലപ്പാടി –- ചെങ്കള റീച്ചിൽ 40.6 കിലോമീറ്റർ റോഡാണ് പൂർത്തീകരണത്തിലേക്കെത്തുന്നത്. ഇതിൽ 18 കിലോമീറ്ററിൽ പൂർണടാറിങ് കഴിഞ്ഞു.ഇരുഭാഗത്തുമായി സർവീസ് റോഡിൽ 22.5 കിലോമീറ്ററും പൂർത്തിയായി.
അഞ്ച് വലിയപാലവും നാല് ചെറുപാലവും കാസർകോട് ടൗണിലടക്കം രണ്ട് മേൽപ്പാലവും ഈ റീച്ചിലുണ്ട്. ഇതിൽ മഞ്ചേശ്വരം പാലം, പൊസോട്ട് പാലം, ഹൊസങ്കടി മേൽപ്പാലം എന്നിവയും ഗതാഗതത്തിന് തുറന്നുകൊടുത്തു.
വലിയ പാലങ്ങളിൽ ഉപ്പള 80 ശതമാനവും ഷിറിയ (65), കുമ്പള (90), മൊഗ്രാൽ (65) ശതമാനവും ജോലികൾ പൂർത്തിയായി. ചെറിയ പാലങ്ങളായ കുക്കാർ (60), ഏരിയാൽ (75) ശതമാനം ജോലിയും തീർന്നു. ആറ് വലിയ അടിപ്പാതയിൽ രണ്ടെണ്ണം പണി പൂർത്തിയായി തുറന്നുകൊടുത്തു. മൂന്നിടത്ത് പാതിയിൽ കൂടുതൽ നിർമാണം കഴിഞ്ഞു. ഇതടക്കം മൊത്തം 21 അടിപ്പാതയാണ് ആദ്യ റീച്ചിലുള്ളത്. ആദ്യറീച്ചിന് മൊത്തം 1703 കോടി രൂപയാണ് നിർമാണച്ചെലവ്.
ടൗൺ മേൽപ്പാലം 1.139 കി. മീ-കാസർകോട് ടൗൺമേൽപ്പാലത്തിന് 1.130 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. കറന്തക്കാടുനിന്നും തുടങ്ങി നുള്ളിപ്പാടിയിൽ അവസാനിക്കും. മൊത്തം 30 തൂണുണ്ട്. ഇവ പൂർത്തിയായി. മൂന്നുതൂണുകളുടെ ഇടയിലുള്ള സ്പാനിന്റെ കോൺക്രീറ്റും പൂർത്തിയായി പലക അഴിച്ചു. നാലാമത്തെ സ്പാനിന്റെ പണി തിങ്കളാഴ്ച തുടങ്ങി. എട്ട് സ്പാനുകളുടെ പണി സജീവമായി നടക്കുകയാണ്.