യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; യൂത്ത് കോൺഗ്രസ് നേതാവിന്റെ രാഷ്ട്രീയം മറച്ചുവയ്ക്കാൻ മാധ്യമശ്രമമെന്ന് എം.സ്വരാജ്
കൊച്ചി: മലപ്പുറം തുവ്വൂരിൽ കൃഷിഭവൻ ജീവനക്കാരി സുജിതയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതിയുടെ രാഷ്ട്രീയം മറച്ചുവയ്ക്കാൻ മാധ്യമശ്രമം നടക്കുന്നുവെന്ന് എം സ്വരാജ്.
പ്രമുഖമാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിൽ വന്ന വാർത്തകളിൽ എത്ര സമർത്ഥമായാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ രാഷ്ട്രീയത്തെ മറച്ചുവെച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് മാധ്യമ വിദ്യാർത്ഥികളെങ്കിലും കണ്ടുപഠിക്കേണ്ടതാണെന്ന് സ്വരാജ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഒരു മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ താൽക്കാലിക ജീവനക്കാരൻ വിഷ്ണുവാക്കി കുളിപ്പിച്ചെടുക്കാനും വരികൾക്കിടയിൽ പോലും മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം പറയാതിരിക്കാനും പറഞ്ഞവർ തന്നെ ഒരു വാക്കിലൊക്കെ ഒതുക്കാനും എത്ര മാത്രമാണ് ജാഗ്രത പാലിക്കുന്നതെന്നും സ്വരാജ് ചോദിച്ചു.
സ്വരാജിന്റെ കുറിപ്പ്: കൃഷിഭവൻ ജീവനക്കാരിയായ സുജിത എന്ന സ്ത്രീയെ മലപ്പുറം ജില്ലയിലെ തുവ്വൂരിൽ നിഷ്ഠൂരമായി കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം പുറത്തുവന്നിട്ട് ഒരു ദിവസമായി. ഉറ്റവരും ഉടയവരും പോലീസും സുജിതയെ തേടി അലയുമ്പോൾ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുഡിഎഫ് പോലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിക്കുന്നു.
ഒടുവിൽ പോലീസ് സ്റ്റേഷൻ മാർച്ച് വിജയിപ്പിക്കാൻ അവിശ്രമം പ്രവർത്തിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു എന്ന ക്രിമിനലിന്റെ വീട്ടുവളപ്പിൽ കൊന്നുകുഴിച്ചുമൂടിയ നിലയിൽ സുജിതയുടെ മൃതദേഹം കണ്ടെടുക്കുന്നു. അതെ, ഒരു സ്ത്രീയെ ക്രൂരമായികൊന്ന് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പോലീസിനും സർക്കാരിനുമെതിരെ പ്രക്ഷോഭം നയിക്കുക....
ഒരു സിനിമാ കഥയല്ല. ഇന്നലെ തുവ്വൂരിൽ നടന്നതാണ്. രാധയെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ നിന്ന് അരമണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന സ്ഥലമാണ് തുവ്വൂർ. ഇത് സംബന്ധിച്ച് പ്രമുഖമാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിൽ വന്ന വാർത്തകളിൽ എത്ര സമർത്ഥമായാണ് യൂത്ത് കോൺസ് നേതാവിന്റെ രാഷ്ട്രീയത്തെ മറച്ചുവെച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് മാധ്യമ വിദ്യാർത്ഥികളെങ്കിലും കണ്ടു പഠിയ്ക്കേണ്ടതാണ്.
ഒരു മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ താൽക്കാലികജീവനക്കാരൻ വിഷ്ണു വാക്കി കുളിപ്പിച്ചെടുക്കാനും വരികൾക്കിടയിൽ പോലും മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം പറയാതിരിക്കാനും പറഞ്ഞവർ തന്നെ ഒരു വാക്കിലൊക്കെ ഒതുക്കാനും എത്ര മാത്രമാണ് ജാഗ്രത പാലിക്കുന്നത്...
ഇന്ന് ഈ വിഷയം എത്ര ചാനലുകളിൽ രാത്രി ചർച്ചയ്ക്ക് വിഷയമാവുമെന്ന് നോക്കാം. മണ്ഡലം സെകട്ടറിക്കൊക്കെ ചാനലുകൾ വല്ല വിലയും കൊടുക്കുന്നുണ്ടോ എന്ന് ഒന്നറിയണമല്ലോ......