മാലിന്യ ശേഖരണത്തിനുളള തുക, ക്യു.ആർ. കോഡും ഇ പേയ്മെൻറും കൊച്ചി നഗരസഭ
കൊച്ചി: നഗരത്തിൽ മാലിന്യ ശേഖരണത്തിനുളള തുക ഈടാക്കുവാൻ നഗരസഭ ക്യു.ആർ. കോഡും, ഇ പേയ്മെൻറ് സംവിധാനവുമെർപ്പെടുത്തി. അഡ്വ. ദിപിൻ ദിലീപ് കൗൺസിലറായ പൊന്നുരുന്നി ഡിവിഷനിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിൻറെ ഭാഗമായി എല്ലാ വീടുകളിലും ഡിവിഷനിലെ ആശാ പ്രവർത്തകയും കുടുംബശ്രീ പ്രവർത്തകരും സന്ദർശനം നടത്തി ക്യു.ആർ.കോഡ് സ്ഥാപിച്ചു.
ഈ വീടുകളിൽ നിന്നും ഹരിത കർമ്മ സേന മാലിന്യം ശേഖരിക്കുമ്പോൾ ഒഉഎഇ ബാങ്കിൻറെ സാങ്കേതികസഹായം ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴിയാകും ഇനിമുതൽ പെയ്മെൻറ് ശേഖരിക്കുക. ക്യു. ആർ. കോഡ് സ്കാൻ ചെയ്താൽ ഓൺലൈൻ ആയോ പണമായോ മാസം കൊടുക്കേണ്ട യൂസർ ഫീ നൽകാൻ കഴിയും.
ഇങ്ങനെ ശേഖരിക്കുന്ന തുക കുടുംബശ്രീ പ്രവർത്തകരുടെ കൺസോഷ്യത്തിലേയ്ക്കാണ് പോകുന്നത്. അതിൽ നിന്നാകും കുടുംബശ്രീ പ്രവർത്തകർക്ക് ശമ്പളം കൊടുക്കുക. കണക്കുകൾ ഇതിലൂടെ കൂടുതൽ സുതാര്യമായി സൂക്ഷിക്കുവാനാകും. ഏതെല്ലാം വീടുകളിൽ നിന്നാണ് മാലിന്യം ശേഖരിക്കുന്നതെന്നും, എത്ര വീടുകളിൽ നിന്ന് പണം ലഭിക്കാനുണ്ടെന്നും അറിയാൻ കഴിയും. ഇതിലൂടെ മാലിന്യ ശേഖരണത്തിൻറെ കൃത്യത ഉറപ്പാക്കുവാനുമാകും.
അംഗീകൃത നിരക്കിൽ മാലിന്യം നഗരസഭയ്ക്ക് കൈമാറണം എന്നത് സംസ്ഥാന സർക്കാർ തീരുമാനമാണ്. മാലിന്യം വീട്ടിൽ സംസ്കരിക്കാതെയും, നഗരസഭയ്ക്ക് കൈമാറാതെയും പൊതുനിരത്തുകളിലും മറ്റും തളളുന്നവർക്കെതിരെ കർശന നടപടികൾ തുടരുന്നുമുണ്ട്. കൂടാതെ അങ്ങനെയുള്ളവരിൽ നിന്ന് കെട്ടിട നികുതിയോടൊപ്പം മാലിന്യ ശേഖരണത്തിനായുളള ആറ് മാസത്തെ തുക കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കണമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുമുണ്ട്.
ഇതെല്ലാം പ്രവർത്തികമാക്കണമെങ്കിൽ കൗൺസിലറുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും ഈ സന്ദേശം എത്തിക്കേണ്ടതും, ആയതിൻറെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുമുണ്ട്. അപ്രകാരം നടപടികൾ പൂർത്തീകരിച്ച ഡിവിഷനിലെ പരിപാടിയാണ് മേയർ ഉദ്ഘാടനം ചെയതത്.