വി.ഡി.സതീശന്റെ ഒളിച്ചോട്ടം മണ്ഡലത്തിൽ ഗുണകരമായ ഒരു വികസന പ്രവർത്തനവും യുഡിഎഫ് നടത്തിയിട്ടില്ലെന്ന് പരസ്യമായി സമ്മതിക്കലാണെന്ന് മന്ത്രി വി.എൻ.വാസവൻ
പുതുപ്പള്ളി: വികസന സംവാദത്തിൽ നിന്ന് പ്രതിപക്ഷ നേതാവിന്റെ ഒളിച്ചോട്ടം മണ്ഡലത്തിൽ ഗുണകരമായ ഒരു വികസന പ്രവർത്തനവും യുഡിഎഫ് നടത്തിയിട്ടില്ലെന്ന് പരസ്യമായി സമ്മതിക്കലാണെന്ന് മന്ത്രി വി.എൻ.വാസവൻ.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മറുപടി, സ്വന്തം സ്ഥാനത്തോട് കാണിക്കുന്ന അവഹേളനമാണ്. വികസന വിരോധികൾ ആരാണന്ന് തെളിഞ്ഞെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. വികസനചർച്ച നാലാംകിട രാഷ്ട്രീയമാണെന്ന് മറുപടി പറയുന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ് നേതൃത്വം എത്തിയത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്.
കണ്ണൂരിന്റെ വികസനത്തെക്കുറിച്ച് ചർച്ചചെയ്യാമെന്ന് യു.ഡി.എഫ് സ്ഥാനാർഥി പറഞ്ഞപ്പോൾ ഞങ്ങൾ അതിന് തയ്യാറായി. ഏറ്റുമാനൂർ മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് ഇല്ലാക്കഥ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനും വസ്തുതകൾ നിരത്തി മറുപടി നൽകി. എന്താണ് നാടിന്റെ വികസനത്തെ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നതെന്നും യു.ഡി.എഫിലെ ഘടകകഷികൾക്കും നാടിന്റെ വികസന കാഴ്ചപ്പാട് സംബന്ധിച്ച് ഇതേ അഭിപ്രായമാണോയെന്ന് അവർ വ്യക്തമാക്കണമെന്നും മന്ത്രി ചോദിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്: നാടിന്റെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാമെന്നു പറയുമ്പോൾ, അത് നാലാംകിട രാഷ്ട്രീയമാണെന്നു മറുപടി പറയുന്ന ദുരവസ്ഥയിലേക്ക് കേരളത്തിലെ കോൺഗ്രസ് നേതൃത്വം എത്തിയത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്.
കണ്ണൂരിന്റെ വികസനത്തെക്കുറിച്ച് ചർച്ചചെയ്യാമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പറഞ്ഞപ്പോൾ ഞങ്ങൾ അതിന് തയ്യാറായി.
അതിനുശേഷം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് ഇല്ലാകഥ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു, അതിനു വസ്തുതകൾ നിരത്തി മറുപടി നൽകി.
എന്താണ് നാടിന്റെ, കേരളത്തിന്റെ വികസനത്തെ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നത്. പ്രതിപക്ഷ നേതാവിന്റെ മറുപടി, സ്വന്തം സ്ഥാനത്തോട് കാണിക്കുന്ന അവഹേളനമാണ്. യു.ഡി.എഫിലെ ഘടകകഷികൾക്കും നാടിന്റെ വികസന കാഴ്ചപ്പാട് സംബന്ധിച്ച് ഇതേ അഭിപ്രായമാണോയെന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ജനങ്ങൾക്ക് ഗുണകരമായ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ലെന്ന് പരസ്യമായി സമ്മതിക്കുകയാണ് ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നതിലൂടെ പ്രതിപക്ഷ നേതാവ് നടത്തിയിരിക്കുന്നത്. കേരളത്തിലെ യഥാർത്ഥ വികസന വിരോധികൾ ആരാണന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.