സ്ത്രീകളുടെ നെഞ്ചളവിന് മാനദണ്ഡം നിശ്ചയിക്കുന്നത് മര്യാദകേടും ഭരണഘടനാ ലംഘനവുമെന്ന് കോടതി
ജോധ്പുർ: റിക്രൂട്ട്മെൻറ് പരീക്ഷകളിൽ സ്ത്രീകളുടെ നെഞ്ചളവിന് മാനദണ്ഡം നിശ്ചയിക്കുന്നത് മര്യാദകേടും ഭരണഘടനാ ലംഘനവുമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി.
സ്ത്രീയെന്ന നിലയിലുള്ള അന്തസിനു മേലുള്ള കടന്നുകയറ്റവും ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിൻറെ ലംഘനവുമാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഫോറസ്റ്റ് ഗാർഡ് പരീക്ഷയിലെ നെഞ്ചളവ് മാനദണ്ഡത്തിനെതിരെ മൂന്നു സ്ത്രീകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് മേത്തയുടെ നിരീക്ഷണം.
റിക്രൂട്ട്മെൻറ് പൂർത്തിയായതിനാൽ ഹർജി തള്ളുകയാണെന്നു വ്യക്തമാക്കിയ കോടതി അപമാനകരമായ യോഗ്യതാ മാനദണ്ഡം പുനഃപരിശോധിക്കാൻ സർക്കാരിനോട് നിർദേശിച്ചു.
ശാരീരിക പരീക്ഷയിൽ ജയിച്ചിട്ടും നെഞ്ചളവിൻറെ പേരിൽ അയോഗ്യത കൽപ്പിച്ചതിന് എതിരെയാണ് സ്ത്രീകൾ കോടതിയെ സമീപിച്ചത്. നിർദിഷ്ട മാനദണ്ഡത്തിനും മുകളിലാണ് തങ്ങളുടെ നെഞ്ചളവെന്ന് ഹർജിക്കാർ വാദിച്ചു.
ഇതു പരിശോധിക്കാൻ കോടതി എയിംസ് മെഡിക്കൽ ബോർഡിനോടു നിർദേശിച്ചു. ബോർഡ് ഹർജിക്കാരുടെ അവകാശവാദത്തെ തള്ളുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്.
ഇതിൻറെ അടിസ്ഥാനത്തിൽ ഹർജി തള്ളിയ കോടതി യോഗ്യതാ മാനദണ്ഡം പുനഃപരിശോധിക്കാൻ സർക്കാരിനോടു നിർദേശിക്കുകയായിരുന്നു.
സ്ത്രീകളുടെ നെഞ്ചളവ് ശാരീരിക ക്ഷമതയുടെ അടയാളമായി കണക്കാക്കുന്നത് ശരിയാവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അത് ശ്വാസകോശ ക്ഷമതയ്ക്കും തെളിവല്ല. അതേസമയം തന്നെ അതിൽ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.