മുല്ലപ്പെരിയാർ, വൈഗ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു
കുമളി: മുല്ലപ്പെരിയാർ, വൈഗ അണക്കെട്ടുകളിലെ ജലനിരപ്പ് വീണ്ടും താഴേക്ക്. വേനൽ തുടർന്നാൽ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിലേക്ക് പോകുന്നതിനൊപ്പം തമിഴ്നാട്ടിൽ കൃഷിയെയും വൈദ്യുതോല്പാദനത്തേയും പ്രതികൂലമായി ബാധിക്കും. ജലനിരപ്പ് താഴുന്നത് തേക്കടി ബോട്ട് സവാരിയെയും പ്രതികൂലമായി ബാധിക്കാം.മുല്ലപ്പെരിയാറിൽ കഴിഞ്ഞവർഷത്തേക്കാൾ 17 അടി വെള്ളത്തിന്റെ കുറവുണ്ട്.
വൈഗയിൽ കഴിഞ്ഞ വർഷത്തേക്കാൾ 21 അടി വെള്ളത്തിന്റെ കുറവുണ്ട്. തേനി ജില്ലയിലെ മറ്റ് അണക്കെട്ടുകളായ മഞ്ഞളാർ, സോത്തുപാറ, ഷണ്മുഖ നദി തുടങ്ങിയവയിൽ വെള്ളം വളരെ കുറവാണ്. കഴിഞ്ഞവർഷം ഇതേദിവസം സോത്തുപാറ അണക്കെട്ടിൽ 126.11 അടി വെള്ളം ഉണ്ടായിരുന്നത് നിലവിൽ 71.24 അടി മാത്രമാണുള്ളത്. 55 അടി വെള്ളത്തിന്റെ കുറവുണ്ട്.ബുധനാഴ്ച രാവിലെ ആറിന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 120.20 അടിയാണ്.
ജലനിരപ്പ് 110 അടിക്ക് താഴെ പോയാൽ നിലവിലെ സാഹചര്യത്തിൽ തേക്കടിയിലെ ബോട്ട് സവാരിയെ ബാധിക്കാം. ഒരുമാസം തുടർച്ചയായി മഴ പെയ്യാതിരിക്കുകയും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് തുടരുകയും ചെയ്താൽ 110 അടിക്ക് താഴേക്ക് ജലനിരപ്പ് പോകും. ജലനിരപ്പ് കുറഞ്ഞതോടെ ലോവർ ക്യാമ്പ് പവർഹൗസിലെ വൈദ്യോത്പാദനവും നിലച്ച മട്ടാണ്.
ലോവർ ക്യാമ്പ് പവർഹൗസിലെ നാല് ജനറേറ്റുകൾ വഴി നിത്യേന 180 മെഗാവാട്ട് വൈദ്യുതോല്പാദന ശേഷിയുണ്ട്.ഇതു കൂടാതെ വൈഗ നദിയിൽ മുല്ലപ്പെരിയാർ ജലത്തെ ആശ്രയിച്ച് നിരവധി ചെറുകിട വൈദ്യുതോൽപാദന യൂണിറ്റുകൾ ഉണ്ട്. ഇതെല്ലാം ഇപ്പോൾ തന്നെ പ്രതിസന്ധിയിലായി. തേനി, മധുര, ദിണ്ടിഗൾ, ശിവഗംഗ, രാമനാദപുരം തുടങ്ങിയ തെക്കൻ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് നേക്കർ സ്ഥലത്ത് കൃഷിയ്ക്കും ലക്ഷക്കണക്കിന് ആളുകൾ കുടിക്കുന്നതിനും പ്രധാനമായും മുല്ലപ്പെരിയാർ ജലത്തെയാണ് ആശ്രയിക്കുന്നത്.
കുമളി, ചക്കുപള്ളം, വണ്ടൻമേട് തുടങ്ങിയ പഞ്ചായത്തുകൾ ശുദ്ധജല വിതരണത്തിനായി മുല്ലപ്പെരിയാറിനെയാണ് ആശ്രയിക്കുന്നത്. മഴ മാറി നിൽക്കുന്നതും അണക്കെട്ടിലെ ജനനിരപ്പ് നിത്യേന കുറഞ്ഞു വരുന്നതും വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്.