ആറന്മുള ഉത്രട്ടാതി വള്ളംകളി സെപ്തംബർ 2ന്
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം സെപ്തംബർ രണ്ടിന് നടക്കുമെന്ന് പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു. എ, ബി ബാച്ചുകളിലായി 49 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നത്. എ ബാച്ചിന്റെ ഹീറ്റ്സ്, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളും ബി ബാച്ചിന്റെ ഹീറ്റ്സ്, ഫൈനൽ മത്സരങ്ങളുമാണ് നടക്കുന്നത്.
പകൽ 1 ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന മത്സര വള്ളംകളിയിൽ പരമ്പരാഗത ശൈലിയിൽ "തെയ് തെയ് തെയ്തോം" താളത്തിൽ തുഴഞ്ഞ് ഒന്നാമതെത്തുന്ന പള്ളിയോടത്തെ വിജയിയായി പ്രഖ്യാപിക്കും. കർശനമായ നിബന്ധനകളോടെ ആറന്മുളയുടെ തനിമയും പൈതൃകവും പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും ഈ വർഷത്തെ ജലോത്സവം നടത്തുകയെന്ന് ഭാരവാഹികൾ പറഞ്ഞു.
മത്സര വള്ളംകളിയിൽ പുറത്തുനിന്നുള്ള തുഴച്ചിൽക്കാരെ പൂർണമായും ഒഴിവാക്കും.പള്ളിയോടക്കരകളിലും ചുറ്റുപാടുമുള്ള തുഴച്ചിൽക്കാരെ മാത്രമേ ഉത്രട്ടാതി ദിവസം പള്ളിയോടങ്ങളിൽ കയറ്റുവാൻ അനുവദിക്കൂ. ആഗസ്റ്റ് 25ന് മുൻപ് പള്ളിയോടത്തിൽ കയറുന്ന മുഴുവൻ തുഴച്ചിൽക്കാരുടെയും ലിസ്റ്റ്, തിരിച്ചറിയൽ രേഖ, ഫോട്ടോ എന്നിവ പള്ളിയോട സേവാസംഘം ഓഫീസിൽ നൽകണം.
പള്ളിയോട സേവാ സംഘത്തിന്റെെ തീരുമാനത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന പള്ളിയോടങ്ങളെ അയോഗ്യരായി പ്രഖ്യാപിച്ച് ജലോത്സവത്തിൽ നിന്നും ഒഴിവാക്കും.മറ്റു പള്ളിയോടങ്ങളെ ചൂണ്ടുക, അവയുടെ മാർഗ്ഗം തടയുക, ആക്രമിക്കുക തുടങ്ങിയ കൃത്യങ്ങളിൽ ഏർപ്പെടുന്ന പള്ളിയോടങ്ങളുടെ ക്യാപ്റ്റന്, അമരക്കാർ എന്നിവരുടെ പേരിൽ കൃമിനൽ കുറ്റത്തിന് നടപടി സ്വീകരിക്കുവാൻ ശുപാർശചെയ്യും.
മത്സരവള്ളംകളി പൂർണമായും റിക്കാർഡ് ചെയ്യും. ജലോത്സവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്ര പകൽ 1ന് ആരംഭിക്കും. 2017 ന് ശേഷം ആദ്യമായിട്ടാണ് ആറന്മുളയിൽ പരമ്പരാഗത ശൈലിയിലുള്ള മത്സരവള്ളംകളി നടക്കുന്നതെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി പാർത്ഥസാരഥി ആർ പിള്ള, റൈസ് കമ്മിറ്റി കൺവീനർ പി ആർ ഷാജി എന്നിവർ അറിയിച്ചു.