ട്രെയിൻ വെടിവെപ്പ്; ബുർഖ ധരിച്ച സ്ത്രീയെക്കൊണ്ട് പ്രതി നിർബന്ധിപ്പിച്ച് ജയ് മാതാ ദിയെന്ന് വിളിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുംബൈ: ജയ്പൂർ - മുംബൈ സെൻട്രൽ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ നടത്തിയ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ട സംഭവം വിദ്വേഷ കൊലപാതകമെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. ബുർഖ ധരിച്ച സ്ത്രീയെക്കൊണ്ട് പ്രതി ചേതൻ കുമാർ ചൗധരി നിർബന്ധിപ്പിച്ച് ജയ് മാതാ ദിയെന്ന് വിളിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
തോക്കു ചൂണ്ടി നിർബന്ധിപ്പിച്ച് ജയ് മാതാ ദിയെന്ന് വിളിപ്പിക്കുകയായിരുന്നുവെന്ന് യുവതി അന്വേഷകസംഘത്തിന് മൊഴി നൽകി. ബി - 3 കോച്ചിലായിരുന്നു ബുർഖ ധരിച്ച സ്ത്രീയെ ചേതൻ കുമാർ കണ്ടത്. ജയ് മാതാ ദി എന്ന് ആദ്യം പറഞ്ഞപ്പോൾ കൂടുതൽ ഉച്ചത്തിൽ എല്ലാവരും കേൾക്കെ പറയാൻ നിർബന്ധിച്ചതായും യുവതിയുടെ മൊഴിയിലുണ്ട്.
ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങളും അന്വേഷകസംഘത്തിന് ലഭിച്ചു. ജൂലൈ 31നായിരുന്നു ജയ്പൂർ - മുംബൈ സെൻട്രൽ എക്സ്പ്രസ് ട്രെയിനിൽ വെടിവയ്പ് നടന്നത്.
ആർപിഎഫ് കോൺസ്റ്റബിളായ ചേതൻ കുമാർ ചൗധരിയാണ് വെടിവച്ചത്. സംഭവത്തിൽ ചേതന്റെ സീനിയർ ഉദ്യോഗസ്ഥനായ ടിക്കാറാം മീണയും അബ്ദുൾ കാദർഭായ് ഭൻപുർവാല, സർദാർ മൊഹമ്മദ് ഹുസൈൻ, അസ്ഗർ അബ്ബാസ് ഷെയ്ഖ് തുടങ്ങിയ യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു.
നടന്നത് വിദ്വേഷ കൊലപാതകം ആയിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. പട്ടികവർഗ വിഭാഗത്തിലുൾപ്പെട്ട ടിക്കാറാം മീണയെ വെടിവച്ച ശേഷം മുസ്ലീം മതവിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്ന് തിരിച്ചറിഞ്ഞവരെ മാത്രമാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇതിനെ സാധൂകരിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു.
നാലാമത്തെ യാത്രക്കാരനെ കൊലപ്പെടുത്തിയ ശേഷം മുസ്ലീം വിരുദ്ധ പ്രസംഗം നടത്തുന്ന ചേതന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്.എന്നാൽ പെട്ടെന്ന് ദേഷ്യം വന്ന ചേതൻ സീനിയർ ഓഫീസറെ വെടിവെച്ച ശേഷം മുന്നിൽ വന്നവരെ വെടിവെയ്ക്കുകയായിരുന്നുവെന്നും ചേതന്റെ മനോനിലയ്ക്ക് പ്രശ്നമുണ്ടെന്നുമുൾപ്പെടെയുള്ള വാദങ്ങളാണ് ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ വിദ്വഷ കൊലപാതകം തന്നെയായിരുന്നു നടന്നത് എന്നതിനെ സാധൂകരിക്കുന്ന തെളിവാണ് ഇപ്പോൾ പുറത്തുവന്ന യുവതിയുടെ മൊഴിയും ദൃശ്യങ്ങളും.