മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റ്
മാരുതി സുസുക്കിയുടെ ഏറ്റവും വിജയിച്ച മോഡലാണ് സ്വിഫ്റ്റ്. അടുത്തിടെ ജപ്പാനില്‍ ഇതിന്റെ പുതിയ രൂപം പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ വാഹന ലോകം കാത്തിരിക്കുന്ന പുതിയ സ്വിഫ്റ്റിന്റെ വിഡിയോ പുറത്തുവിട്ടു. ആദ്യ കാഴ്ച്ചയില്‍ ആകര്‍ഷിക്കുന്ന തരത്തില്‍ ക്രോം ഗാര്‍ണിഷിങ്ങോടു കൂടിയ ഹെക്സഗണല്‍ ഫ്ലോട്ടിങ് ഗ്രില്ലുകള്‍ സ്വിഫ്റ്റിനെ കൂടുതല്‍ സ്റ്റൈലിഷും സ്പോര്‍ട്ടിയുമാക്കുന്നു. എല്‍ഇഡി ഡേറ്റ റണ്ണിങ് ലാമ്പോടു കൂടിയ പുതിയ ഹെഡ്ലാമ്പുകള്‍ മുന്‍ഭാഗത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ളവയാണ്.
കറുപ്പ് ഫിനിഷിലുള്ള കണ്‍സോളിലാണ് ഫോഗ് ലാമ്പുകളുടെ സ്ഥാനം. കറുത്ത നിറത്തിലാണ് എ, ബി പില്ലറുകള്‍. ഷെവര്‍ലെയുടെ ചെറു ഹാച്ച്ബാക്കായ ബീറ്റില്‍ കണ്ടതുപോലെ പിന്‍ഡോറിന്റെ ഹാന്‍ഡില്‍ വിന്‍ഡോയോട് ചേര്‍ത്ത് വെച്ചിരിക്കുന്നു. കാറിന് ഫ്ലോട്ടിങ് കണ്‍സെപ്റ്റിലുള്ള റൂഫാണ്. പിന്‍ഭാഗത്തും ധാരാളം മാറ്റങ്ങളുണ്ട്. പിന്നിലെ വിന്‍ഡ് ഷീല്‍ഡ് പുതിയ ഡിസൈനിലുള്ളതാണ്. ബലേനൊയും പഴയ സ്വിഫ്റ്റും ഒന്നു ചേര്‍ന്നു എന്നു തോന്നുന്ന രീതിയിലാണ് ഇതിന്റെ ടെയില്‍ ലാമ്പ്. ബോഡി ലൈനുള്ള ബൂട്ട്ഡോറാണ്.
പൂര്‍ണ്ണ മാറ്റങ്ങള്‍ വന്ന ഇന്റീരിയറുള്ള കാറിന് പുതിയ ടെക്നോളജികള്‍ വന്നിട്ടുണ്ട്. കൂടുതല്‍ സ്ഥല സൗകര്യമായിരിക്കും ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. അടിമുടി മാറി പുതിയ സെന്റര്‍ കണ്‍സോള്‍, മീറ്റര്‍ കണ്‍സോള്‍, എസി വെന്റുകള്‍, സ്റ്റിയറിങ് വീല്‍ എന്നിവ സുസുക്കി കാറിന് നല്‍കിയിട്ടുണ്ട്. ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ് കോംപാക്റ്റബിലിറ്റി, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം, അഡാപ്റ്റീവ് ഹെഡ്ലൈറ്റ് എന്നിവ ഇന്ത്യയില്‍ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളാണ്.
മാരുതിയുടെ മിഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാറിന് മൈലേജ് കൂടുതലായിരിക്കും. നിലവിലെ 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ നിലനിര്‍ത്തും. എന്നാല്‍ നിലവിലെ സ്വിഫ്റ്റിനെക്കാള്‍ കരുത്ത് ഈ എന്ജിനുകള്ക്കുണ്ടാകും. കൂടാതെ അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ബലേനൊ ആര് എസിലൂടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്ന 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനും മാരുതി വികസിപ്പിച്ച 1.5 ലീറ്റര്‍ എന്‍ജിനുമുണ്ടാകും. കൂടാതെ സിയാസിലൂടെ അരങ്ങേറ്റം കുറിച്ച മിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിലുണ്ടാകും.