അഴിത്തല ബീച്ച് പാർക്ക് നിർമാണം; 1.47 കോടി രൂപയുടെ ഭരണാനുമതി
നീലേശ്വരം: അഴിത്തല ബീച്ച് പാർക്ക് നിർമാണത്തിന് ടൂറിസംവകുപ്പ് 1.47 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി എം.രാജഗോപാലൻ എം.എൽ.എ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന നൽകിയ നിർദ്ദേശത്തിനാണ് ടൂറിസം വകുപ്പ് സംസ്ഥാന വർക്കിങ് ഗ്രൂപ്പ് അനുമതി നൽകിയത്. പദ്ധതി നടപ്പിലാകുന്നതോടെ അഴിത്തല ജില്ലയിലെ പ്രധാനടൂറിസം കേന്ദ്രങ്ങളിലൊന്നാവും.
നീലേശ്വരം നഗരസഭ അഴിത്തലയിൽ ടൂറിസംവകുപ്പിന് നൽകിയ സ്ഥലം ഉൾപ്പെടെ ഉപയോഗിച്ചായിരിക്കും പാർക്ക് നിർമിക്കുക. പ്രവേശനകവാടം, ഫെൻസിങ്, നടപ്പാത, ലാൻഡ് സ്കേപ്പിങ് , ശുചിമുറി ബ്ലോക്ക്, സ്നാക്സ്ബാർ, റെയിൻ ഷെൽട്ടറുകൾ, ഇരിപ്പിടങ്ങൾ, ചിൽഡ്രൻസ് പാർക്ക് എന്നിവ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
വിനോദസഞ്ചാരികൾ കൂടുതലെത്തുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് നീലേശ്വരം അഴിത്തല ബീച്ച്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
ടൂറിസം മേഖലയിൽ 15.8 കോടിയുടെ പദ്ധതികൾഎൽഡിഎഫ് സർക്കാർ ഉത്തരമലബാറിലെ ടൂറിസം വികസനത്തിന് ശ്രദ്ധേയമായ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ഇതിന്റെ ഭാഗമായി തൃക്കരിപ്പൂർ മണ്ഡലത്തില്‍മാത്രം 15.18കോടിയുടെ പദ്ധതികളാണ് അനുവദിച്ചത്.
നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി അനുവദിച്ച കോട്ടപ്പുറം, മാവിലാകടപ്പുറം, മാടക്കാല്‍ ബോട്ട് ടെർമ്മിനലുകളുടെ നിർമ്മാണം പൂർത്തികരിച്ചു. കോട്ടപ്പുറം ബോട്ട് ടെർമ്മിനലിലേക്കുള്ള അനുബന്ധറോഡ് നിർമ്മാണം മഴ മാറിയാലുടന്‍ ആരംഭിക്കും.
വീരമലക്കുന്ന് ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പിന് റവന്യുഭൂമി കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സഞ്ചാരികള്‍ ഏറെയെത്തുന്ന അഴിത്തലബീച്ചിന്റെ സമഗ്രവികസനത്തിന് തുടക്കംകുറിക്കുന്ന പദ്ധതിയായി ഇതുമാറും.