ചികിത്സാ ധനസഹായ വിതരണം സുതാര്യമാക്കിയത് പിണറായി വിജയൻ സർക്കാരെന്ന് റ്റി.എം.തോമസ് ഐസക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേനയുള്ള ചികിത്സാ ധനസഹായ വിതരണം സുതാര്യവും സുഗമവുമാക്കിയത് പിണറായി വിജയൻ സർക്കാരെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം റ്റി.എം.തോമസ് ഐസക്.
തുക ലഭിക്കുന്നതിനായി നടപ്പിലാക്കിയ വിവിധ സംവിധാനങ്ങൾ വിശദമാക്കിയാണ് തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. സഹായ വിതരണത്തിൽ മുൻ ഭരണകാലത്തേതിൽ നിന്നും വന്ന വർധനയും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രതിവർഷം 162 കോടി രൂപയാണ് ചികിത്സാ സഹായമായി അനുവദിച്ചത്. അതേസമയം രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ രണ്ട് വർഷം ശരാശരി 338 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. തോമസ് ഐസക് കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിൽ നിന്നും; നിങ്ങൾക്കു ഗൗരവമായ ഒരു അസുഖം വന്നു. അടിയന്തര സഹായത്തിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ഇത് മാറിമാറി വന്ന എല്ലാ സർക്കാരുകളുടെ കാലത്തും ഉള്ളതാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇത്തരം ധനസഹായം വർദ്ധിപ്പിക്കുക മാത്രമല്ല അവയുടെ വിതരണം സുതാര്യവും സുഗമവുമാക്കിത്തീർത്തു. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് (2011-2016) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ശരാശരി പ്രതിവർഷം 162 കോടി രൂപയാണ് അനുവദിച്ചത്.
അതേസമയം, രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ രണ്ട് വർഷം (2021, 2022) ശരാശരി 338 കോടി രൂപ വീതമാണ് ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ട്. (2021-ൽ ആദ്യത്തെ രണ്ട് മാസം ഒഴിവാക്കിയിയിട്ടുണ്ട്) ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടിത്തുക.ശ്രദ്ധേയമായകാര്യം ഈ തുക വാങ്ങാൻ അപേക്ഷകർ ആരുടേയും ശുപാർശ അന്വേഷിച്ചു പോകേണ്ടതില്ല.
ജനസമ്പർക്ക പരിപാടിയെന്ന പേരിൽ പതിനായിരങ്ങളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്ന ഏർപ്പാടും അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതൽ ധനസഹായം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കു നേരിട്ടു ലഭിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ ആയാണ് കൈകാര്യം ചെയ്യുന്നത്.
അപേക്ഷ നേരിട്ടോ ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ജനപ്രതിനിധികളുടെ ഓഫീസ് മുഖേനയോ തപാൽ മാർഗ്ഗത്തിലോ സമർപ്പിക്കാവുന്നതാണ്. താഴെപ്പറയുന്ന ചില പ്രത്യേകതകൾകൂടി ഈ സംവിധാനത്തിനുണ്ട്.
(1) അപേക്ഷയുടെ ഓരോ നീക്കം അപേക്ഷകനെ അറിയിച്ചുകൊണ്ടുള്ള എസ്.എം.എസ് സംവിധാനം.
(2) അപേക്ഷകനു ലഭ്യമായ ഡോക്കറ്റ് നമ്പർ(ഫയർ നമ്പർ) ഉപയോഗിച്ച് ഏതു സമയത്തും cmo.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷയുടെ സ്ഥിതി അറിയാനുള്ള സംവിധാനം.
(3) അപേക്ഷ സമർപ്പണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ്, റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസ്, എംഎൽഎ/എംപി, അക്ഷയകേന്ദ്രങ്ങൾ എന്നിവർക്കായി പ്രത്യേക ലോഗിൻ സംവിധാനം.
(4) പൊതുജനങ്ങൾക്കു സ്വന്തമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായി പബ്ലിക് ലോഗിൻ സംവിധാനം.
(5) അപേക്ഷകളുടെ കാലതാമസം നീരീക്ഷിക്കാനായി താലൂക്ക്, കളക്ട്രേറ്റ്, റവന്യു വകുപ്പ്, റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ ഡാഷ് ബോർഡ് സംവിധാനം.
(6) അപേക്ഷയിൽ ഏതെങ്കിലും രേഖകളുടെ കുറവുണ്ടായാൽ അപേക്ഷകനെ ആ വിവരം അറിയിക്കുന്നതിനായി വില്ലേജ് തലത്തിൽ എസ്.എം.എസ് സംവിധാനം.
പതിനായിരങ്ങൾ തിങ്ങിനിരങ്ങിക്കൂടുന്ന മഹാജനസമ്പർക്ക പരിപാടികളും ശുപാർശകളും അനാവശ്യമാക്കിത്തീർത്ത് സുതാര്യവും പ്രയാസരഹിതവും അപേക്ഷകന്റെ ആത്മാഭിമാനത്തെ മാനിക്കുകയും ചെയ്യുന്ന ഒരു സമഗ്രസംവിധാനത്തിനു രൂപം നൽകിയെന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ നേട്ടം.