ക്രിമിനൽ നിയമ പരിഷ്കരണ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: കൊളോണിയൽ കാലത്തെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങളിൽ സമ്പൂർണ പരിഷ്കരണം ലക്ഷ്യമിട്ടുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി അമിത്ഷാ.
ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമുള്ള ബില്ലുകളാണ് അവതരിപ്പിച്ചത്. കൂടാതെ പുതിയ നിയമത്തിൽ രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കും.
പുതിയ നിയങ്ങളോടൊപ്പം പേരുകളിലും മാറ്റമുണ്ട്. 1860 ലെ ഇന്ത്യൻ പീനൽ കോഡിന് പകരം ഇനി മുതൽ ഭാരതീയ ന്യായ സംഹിത നിലവിൽ വരും. ക്രിമിനൽ നടപടികൾ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയെന്നും ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നിവയാവും പ്രാബല്യത്തിൽ വരിക.
മൂന്നു നിയമങ്ങളും സ്ഥിരം സമിതിയുടെ അവലോഹനത്തിനായി അയച്ചു. സായുധ കലാപം, അട്ടിമറി പ്രവർത്തനങ്ങൾ, വിഘടനവാദ പ്രവർത്തനങ്ങൾ അല്ലെങ്കിൽ ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ എന്നിവയും പുതിയ കുറ്റമായി ചേർത്തിട്ടുണ്ട്.
ജീവപര്യന്തം തടവുശിക്ഷ ഇനി മുതൽ ജീവിതാവസാനം വരെ അനുഭവിക്കണമെന്നും പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നു. ആൾക്കൂട്ട കൊലപാതകത്തിനും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചാലും വധശിക്ഷ, കൂട്ടബലാത്സംഗത്തിന് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവ് എന്നിവയാണ് പുതിയ നിയമത്തിലുള്ളത്.
പുതിയ നിയമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കുള്ള നിയമങ്ങൾക്ക് മുൻഗണന നൽകുന്നുണ്ട്.