തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫിന് മുന്നേറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം. യു.ഡി.എഫ് 9 വാർഡുകളിലും എൽ.ഡി.എഫ് ഏഴ് വാർഡുകളും വിജയിച്ചു.
കൊല്ലത്ത് സി.പി.എം സീറ്റിൽ ബി.ജെ.പി അട്ടിമറി വിജയം സ്വന്തമാക്കി. എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും യു.ഡി.എഫ് വിജയിച്ചു. ഇതിൽ രണ്ടു വാർഡുകൾ എൽ.ഡി.എഫിൻറെ കയ്യിൽ നിന്നും പിടിച്ചെടുത്തതാണ്.
ഏഴിക്കര, വടക്കേക്കര, പള്ളിപ്പുറം, മൂക്കന്നൂർ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. കൊല്ലത്തും പാലക്കാടും എൽ.ഡി.എഫ് ഓരോ വാർഡുകൾ പിടിച്ചെടുത്തു.
തെന്മല ഒറ്റക്കൽ വാർഡും പാലക്കാട് പൂക്കോട്ടുകാവ് താനിക്കുന്ന് വാർഡുമാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. തെന്മല ഒറ്റക്കൽ വാർഡിൽ എൽഡിഎഫിലെ അനുപമ 34 വോട്ടിന് വിജയിച്ചു.
പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ താനിക്കുന്ന് വാർഡിൽ സി.പി.എമ്മിൻറെ പി. മനോജ് 303 വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ മനോജ് കോൺഗ്രസ് ടിക്കറ്റിൽ പഞ്ചായത്തിലേക്ക് വിജയിച്ചിരുന്നു.
പിന്നീട് പാർട്ടിയിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേരുകയായിരുന്നു. തൃശൂർ മാടക്കത്തറ താണിക്കുടം വാർഡിൽ എൽ.ഡി.എഫ് വിജയിച്ചു.
സി.പി.ഐയിലെ മിഥുൻ തിയ്യത്തുപറമ്പിലാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനമായി. കണ്ണൂർ മുണ്ടേരി പഞ്ചായത്ത് താറ്റിയോട് വാർഡിലും ധർമ്മടം പഞ്ചായത്തിലെ പരിക്കടവിലും എൽ.ഡി.എഫ് വിജയിച്ചു. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലെ കോടമ്പനാടി വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു.
സി.പി.എമ്മിലെ എൻ.പി. രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യു.ഡി.എഫ് സിറ്റിംഗ് സീറ്റാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ രേഷ്മ പ്രവീൺ വിജയിച്ചു.
കൊല്ലം ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാർഡ് ബി.ജെ.പി പിടിച്ചെടുത്തു. ബി.ജെ.പി സ്ഥാനാർഥി എ.എസ്.രഞ്ജിത്ത് 100 വോട്ടുകൾക്കാണ് സി.പി.എമ്മിലെ അനിലിനെ പരാജയപ്പെടുത്തിയത്.
എൽ.ഡി.എഫിൻറെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കഴിഞ്ഞ തവണ ബി.ജെ.പിക്കെതിരേ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്.