തെരഞ്ഞെടുപ്പു കമ്മീഷൻ സമിതിയിൽ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാനുള്ള ബിൽ ലോക്സഭയിൽ സമർപ്പിച്ചു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും തെരഞ്ഞെടുപ്പു കമ്മീഷണർമാരെയും തെരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാനുള്ള ബിൽ കേന്ദ്ര സർക്കാർ രാജ്യസഭയുടെ മേശപ്പുറത്തുവച്ചു.
ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിയോഗിക്കുന്ന കേന്ദ്ര മന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തണമെന്നാണു ബില്ലിലെ ശുപാർശ. തെരഞ്ഞെടുപ്പു കമ്മിഷണർ നിയമനത്തിനു ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെട്ട മൂന്നംഗ സമിതിയെ രൂപീകരിച്ച സുപ്രീം കോടതി ഉത്തരവിനെ മറികടക്കാനാണു ബിൽ. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെട്ട പാനൽ തെരഞ്ഞെടുപ്പു കമ്മിഷണർമാരെ തെരഞ്ഞെടുത്ത് നിയമനത്തിനായി രാഷ്ട്രപതിയോടു ശുപാർശ ചെയ്യുമെന്നായിരുന്നു മാർച്ചിൽ ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.
പുതിയ ബില്ലിൽ പ്രധാനമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നിലനിർത്തിയപ്പോൾ ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തി.
ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷമില്ലെങ്കിൽ ഏറ്റവും വലിയ കക്ഷിയുടെ പ്രതിനിധിയെ സമിതിയിൽ ഉൾപ്പെടുത്തണമെന്നും ബില്ലിൽ പറയുന്നു. നിയമമന്ത്രി അർജുൻ റാം മേഘ്വാളാണു ബിൽ സഭയിൽ വച്ചത്.
നേരത്തേ, കേന്ദ്ര സർക്കാരിന്റെ ശുപാർശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പു കമ്മിഷണർമാരെയും മുഖ്യ കമ്മിഷണറെയും നിയമിക്കുകയായിരുന്നു പതിവ്. ഇതിനെതിരായ ഹർജികളിലാണ് ചീഫ് ജസ്റ്റിസിനെ പാനലിൽ ഉൾപ്പെടുത്തി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാർ നീക്കം ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിൽ വെള്ളംചേർക്കുന്നതും അട്ടിമറിക്കുന്നതുമാണെന്നു കോൺഗ്രസും എ.എ.പിയും ആരോപിച്ചു. അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കും.
മാർച്ചിൽ ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടാകുമെന്നിരിക്കെ ഇതിനു മുൻപായി പാണ്ഡെയുടെ പകരക്കാരനെ നിയമിക്കേണ്ടതുണ്ട്. ഇതുകൂടി ലക്ഷ്യമിട്ടാണു കേന്ദ്ര നീക്കമെന്നു കരുതുന്നു.
ബിൽ പാസായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കൂടി തെരഞ്ഞെടുപ്പു കമ്മിഷനെ നിയന്ത്രിക്കാനാകുമെന്നു കോൺഗ്രസ് എം.പി മാണിക്യം ടഗോർ പറഞ്ഞു. കേന്ദ്ര സർവീസിൽ സെക്രട്ടറി തലത്തിൽ പ്രവർത്തിച്ചവരെയാണു തെരഞ്ഞെടുപ്പു കമ്മിഷനിലേക്ക് പരിഗണിക്കുക.