പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
കോട്ടയം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസിന്റെ പുതുപ്പള്ളിയിൽ തങ്ങൾക്കു കിട്ടാവുന്നതിൽ വച്ച് ഏറ്റവും ശക്തനായ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചു.
ഉമ്മൻ ചാണ്ടിയുള്ളപ്പോൾ തകർക്കാനാവാതിരുന്ന പുതുപ്പള്ളിയിലെ കോൺഗ്രസ് കോട്ട പിടിക്കാൻ കരുത്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കാനുള്ള ചർച്ചകൾ സിപിഎം ക്യാമ്പുകളിലും സജീവം. മത്സര രംഗത്ത് പൊതു സ്വതന്ത്രനെ ഇറക്കണമെന്ന അഭിപ്രായവും ശക്തമാണ്.
പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി പട്ടികയിൽ ജെയ്ക് സി.തോമസിന്റെ പേരുമാത്രമായി ഒതുങ്ങില്ലെന്നാണ് സൂചന.
ജെയ്ക് ഉൾപ്പെടെ നാലു പേരുടെ പേരുകൾ പരിഗണനയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഒമ്പതിനായിരത്തിലേക്കു ചുരുക്കാൻ സാധിച്ചതാണ് ജെയ്ക്കിന് അവകാശപ്പെടാവുന്ന മുൻതൂക്കം.
അതേസമയം, ചർച്ചകൾ ജെയ്ക്കിലേക്കു മാത്രം ഒതുക്കാതെ, കോട്ടയം ജില്ലാ കമ്മിറ്റിയുടെ കൂടി അഭിപ്രായം പരിഗണിച്ച് കടുത്ത രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാൻ കഴിവുള്ള സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കാനാണ് സി.പി.എം നീക്കം. റെജി സക്കറിയ, കെ.എം. രാധാകൃഷ്ണൻ , സുഭാഷ് വർഗീസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
മണ്ഡലത്തിലെ മത-സാമുദായിക സന്തുലിതാസ്ഥകൾ കൂടി പരിഗണിച്ച് പൊതു സ്വതന്ത്രനെ ഇറക്കണമെന്ന അഭിപ്രായവും ചില നേതാക്കൾക്കുണ്ട്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പ്രചാരണത്തിന് തുടക്കമായി. സെപ്ടംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുക. എട്ടിന് വോട്ടെണ്ണലും. വൻ വിജയം തന്നെയാണ് ചാണ്ടി ഉമ്മനിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്.